കെ റെയില്‍ പദ്ധതി; അലൈന്മെന്റില്‍ മാലിക് ദീനാര്‍ മസ്ജിദും മറ്റു ചരിത്ര സ്മാരകങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമെന്ന് പരാതി

അലൈമെന്റില്‍ ചെറിയൊരു വ്യത്യാസം വരുത്തിയാല്‍ നിരവധി ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Update: 2021-08-31 17:25 GMT
കാസര്‍ഗോഡ് : കെറെയില്‍ പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ മാലിക് ദീനാര്‍ മസ്ജിദും ഖബര്‍സ്ഥാനും മറ്റുസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പരാതി. തളങ്കരയിലടക്കം നിരവധി കുടുംബങ്ങള്‍ക്കാണ് വീടും സ്ഥലവും നഷ്ടമാവുന്നത്. ഒട്ടനവധി ആരാധാനാലയങ്ങളും കായലുകളും പൊതു സ്ഥാപനങ്ങളും ഇല്ലാതാവുന്ന സാഹചര്യവുമുണ്ട്.


അഞ്ച് സ്‌ട്രെചുകളായാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ അവസാനത്തെ കണ്ണൂര്‍ കാസര്‍കോട് സ്‌ട്രെചിലാണ് കാസര്‍കോട്ടെ പ്രദേശങ്ങള്‍ ഉള്‍പെടുക. 161.26 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ നിന്ന് ഏറ്റെടുക്കേണ്ടി വരിക. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന അലൈന്‍മെന്റ് പ്രകാരം പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരികയാണെങ്കില്‍ കാസര്‍കോട് നഗരസഭയിലെ നെല്ലിക്കുന്ന്, തളങ്കര പടിഞ്ഞാര്‍, ദീനാര്‍ നഗര്‍, നെച്ചിപടുപ്പ്, പുഴക്കര കുണ്ടില്‍, തായലങ്ങാടി, പള്ളം, ചേരങ്കൈ കടപ്പുറം ഭാഗങ്ങളില്‍ നൂറ് കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും മറ്റും ഇല്ലാതാവുമെന്ന് പരാതിപ്പെടുന്നു. മാലിക് ദീനാര്‍ പള്ളി വളപ്പ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് അലൈന്‍മെന്റ് സൂചന.


നഗരസഭയിലെ ജനങ്ങള്‍ തിങ്ങി താമസിക്കുന്ന വലിയ ഒരു ഭാഗം തന്നെ ഇല്ലാതായി നഗരം ഒറ്റപ്പെടുന്ന സ്ഥിതിയാണ് പദ്ധതി യാഥാര്‍ഥ്യമായാല്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അലൈമെന്റില്‍ ചെറിയൊരു വ്യത്യാസം വരുത്തിയാല്‍ നിരവധി ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലൈന്റ്‌മെന്റില്‍ മാറ്റം വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.




Tags:    

Similar News