'ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു'; നയപ്രഖ്യാപനപ്രസംഗത്തിലെ നടപടിക്കെതിരേ പ്രതിപക്ഷവും
കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ നയ പ്രഖ്യാപനത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: 15ാമത് നിയമസഭാ സമ്മേളനത്തിനു തുടക്കം കുറിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ ഭരണപക്ഷത്തിനു പുറമെ പ്രതിപക്ഷവും രംഗത്ത്. ഗവര്‍ണര്‍ കേരളാ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍, വണങ്ങാന്‍ കാത്തു നിന്നിട്ടും വഴങ്ങാതെ വാണംവിട്ട പോലെ പോയി എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. ഗവര്‍ണര്‍ വരുന്നതും കണ്ടു വാണംവിട്ടപോലെ പോകുന്നതും കണ്ടു. പോകുമ്പോ ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് നോക്കി വണങ്ങുന്ന ഒരു പരിപാടിയൊക്കെ ഉണ്ടായിരുന്നു. തിരിച്ച് വണങ്ങാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ഗവര്‍ണര്‍ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. ബജറ്റ് സമ്മേളനത്തിന്റെ തുടക്കം അപഹാസ്യമാക്കി അവസാനിപ്പിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കുറേക്കാലമായി നടക്കുന്ന രാഷ്ട്രീയനാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയില്‍ നടന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്യമായ കേന്ദ്ര വിമര്‍ശനങ്ങളൊന്നുമില്ല. കേന്ദ്രത്തിനെതിരേ ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ആളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗവര്‍ണറുടെ അതൃപ്തി സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ നയ പ്രഖ്യാപനത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു കൂട്ട് നില്‍ക്കുന്നു. ഗവര്‍ണറുടെ അസംതൃപ്തി സര്‍ക്കാരിന്റെ വില കുറഞ്ഞ നിലപാട് കൊണ്ടാണ്. സജി ചെറിയാന്റെ ക്യാപ്‌സൂള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഡി സതീശന്‍ മന്ത്രിസഭയിലെ ഒരു അംഗത്തെ പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.