മാള: മലയാള സിനിമയില്‍ സ്വതന്ത്ര മേക്കപ്പുമാനായി മാറിയിട്ടും ജീവിതം പച്ചപിടിപ്പിക്കാനാകാതെ ജയരാമന്‍ പൂപ്പത്തി. ജയരാമനും അമ്മയും ഭാര്യ വനിതയും അടങ്ങുന്ന കുടുംബം താമസിക്കുന്നത് പൂപ്പത്തി കോളനിയില്‍ നാലുസെന്റിലെ തകര്‍ന്നുവീഴാവുന്ന വീട്ടിലാണ്. ഓട് മേഞ്ഞ വീടായതിനാല്‍ ഇടക്കിടെ ഓട് പൊട്ടുന്നതും മറ്റും മൂലം വല്ലാത്ത ദുരിതത്തിലാണ് കുടുംബം.
ജയരാമന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം കലാഭവന്‍ മണിയുടെ മരണമായിരുന്നു. മണിയുടെ സ്വന്തം മേക്കപ്പുമാനായി അഞ്ചുവര്‍ഷം ഒപ്പമുണ്ടായിരുന്നു. കലാഭവന്‍ മണിയെ അന്ത്യയാത്രക്ക് ഒരുക്കിയതും ജയരാമനാണ്. എഴുപതോളം സിനിമകളില്‍ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട് ജയരാമന്‍. പി വി ശങ്കര്‍, പട്ടണം ഷാ, രഞ്ജിത്ത് അമ്പാടി, പട്ടണം റഷീദ് എന്നിവര്‍ക്കൊപ്പം വര്‍ഷങ്ങളായി മേക്കപ്പ് രംഗത്ത് ജോലിചെയ്തു.
കുഞ്ഞാലിമരക്കാര്‍, മിഴികള്‍ സാക്ഷി, വെള്ളം, ക്യാപ്റ്റന്‍, റിലീസ് കാത്തിരിക്കുന്ന മഹാവീരന്‍ അടക്കം കുറെയേറെ നല്ല സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഫ്കയിലെ ഓള്‍ കേരള സിനി മേക്കപ്പ് ആന്റ് ഹെയര്‍ സ്‌റ്റൈല്‍ യൂനിയനില്‍ അംഗമാണ്. കലാഭവന്‍ മണിയെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് അവസാനമായി ഒരുക്കിയ ജയരാമനെക്കുറിച്ച് അന്ന് പത്രങ്ങളിലും മറ്റും വാര്‍ത്തകള്‍ വന്നപ്പോഴാണ് ജയരാമനെന്ന മേക്കപ്പുമാനെ ജനം തിരിച്ചറിഞ്ഞത്.
ലൈഫ് ഭവന പദ്ധതിയില്‍ കുടുംബത്തിന്റെ പേരുണ്ടെങ്കിലും അത് കിട്ടുന്ന കാര്യത്തില്‍ ജയരാമനും കുടുംബത്തിനും യാതൊരു നിശ്ചയവുമില്ല.