കയറ്റിറക്കുയൂനിയന്‍സമരം ഹൈക്കോടതിവിധി ലംഘിച്ചുകൊണ്ടെന്ന് കല്‍പ്പറ്റ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ്
കല്‍പ്പറ്റ: കല്‍പറ്റ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ രണ്ടാഴ്ച്ചക്കാലമായി ട്രേഡ് യൂണിയന്‍ നടത്തി വരുന്ന സമരം ഹൈക്കോടതിവിധിയെ ലംഘിച്ചുകൊണ്ടാണെന്ന് മാനേജ്‌മെന്റ്. ഔദ്യോഗികമയി ലഭിച്ച ലേബര്‍ കാര്‍ഡുള്ള തങ്ങളുടെ തൊഴിലാളികള്‍ കയറ്റിറക്കു നടത്തുന്നത് ഹൈക്കോടതി അംഗീകരിച്ചിട്ടുളളതാണെന്നും അത് അനുവദിക്കാതെ സമരം ചെയ്യന്നത് ആ വിധിയെ ലംഘിക്കുന്നതിനു തുല്യമാണെന്നും മാനേജ്‌മെന്റ് പറയുന്നു.
കമ്പനി നല്‍കുന്ന വിശദീകരണം ഇങ്ങനെ: നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ചരക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കയറ്റിറക്ക് തങ്ങള്‍ക്കു നല്‍കണമെന്നാണ് പുറത്തുള്ള കയറ്റിറക്ക് തൊഴിലാളികള്‍ വാദിക്കുന്നത്. മാളില്‍ ഈ ആവശ്യത്തിന് 4 പേരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലേബര്‍ കാര്‍ഡുമുണ്ട്. അസിസ്റ്റന്റ് ലേബര്‍ ഓഫിസറാണ് കാര്‍ഡ് അനുവദിച്ചത്. അത് അംഗീകരിക്കാന്‍ യൂനിയനുകള്‍ തയ്യാറല്ല. ചരക്കുമായി വന്ന വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചു. പോലിസ് സംരക്ഷണയില്‍ കയറ്റിറക്കുനടത്താന്‍ കോടതി അനുവദിച്ചു. അതനുസരിച്ച് കല്‍പ്പറ്റ പോലിസ് സുരക്ഷ നല്‍കുന്നുണ്ട്. പക്ഷേ, സമരം അവസാനിച്ചിട്ടില്ല. അതിനിടയില്‍ ബഹിഷ്‌കരണ ആഹ്വാനവും ഉയര്‍ന്നിട്ടുണ്ട്. അത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് മാനേജ്‌മെന്റിന്റെ പരാതി.
സ്വാഭാവികമായും തൊഴില്‍നഷ്ടപ്പെടുന്ന കാലത്ത് ഉള്ള തൊഴില്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെടലോടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്.