കനയ്യയും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍

കോണ്‍ഗ്രസിലേക്ക് യുവാക്കളെ ആകര്‍ഷിച്ച് പാര്‍ട്ടിയുടെ പ്രതിഛായ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതീക്ഷക്ക് കരുത്ത് പകരുന്നതാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട രണ്ട് യുവ നേതാക്കളുടെ പാര്‍ട്ടി പ്രവേശനം

Update: 2021-09-28 12:16 GMT

ന്യൂഡല്‍ഹി: സിപിഐ നേതാവായ കനയ്യകുമാറും ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎല്‍എയായ ജിഗ്‌നേഷ് മേവാനിയും ഇനി കോണ്‍ഗ്രസില്‍. കനയ്യകുമാര്‍ എഐസിസി ആസ്ഥാനത്ത് എത്തി ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎല്‍എയായ ജിഗ്‌നേഷ് മേവാനിക്ക് പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം കോണ്‍ഗ്രസ് സഹയാത്രികനായി പ്രവര്‍ത്തിക്കും.


ഇന്ന് വൈകിട്ട് നാല് മണിയോടെ രാഹുല്‍ ഗാന്ധിക്കൊപ്പം ഡല്‍ഹി ഐടിഒയിലെ ഭഗത് സിംഗ് പ്രതിമക്ക് മുന്നിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഇരുവരും എഐസിസി ആസ്ഥനത്ത് എത്തിയത്. കനയ്യകുമാറിനേയും ജിഗ്‌നേഷ് മേവാനിയേയും സ്വാഗതം ചെയ്തുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എഐസിസി ആസ്ഥാനത്ത് നിരത്തിവെച്ചിരുന്നു.


കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ പല വിഷയങ്ങളിലും സിപിഐയുമായി കൊമ്പുകോര്‍ത്ത കനയ്യകുമാറിന് പാര്‍ട്ടിയില്‍ നിന്നും പരസ്യ ശാസന ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒത്തുതീര്‍പ്പിന് പാര്‍ട്ടി ശ്രമിച്ചെങ്കിലും ബിഹാര്‍ സംസ്ഥാന സെക്രട്ടറിയാക്കണം, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാനാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കനയ്യ ഉന്നയിച്ചു. ഇത് അംഗീകരിക്കപ്പെട്ടില്ല.


കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് വാര്‍ത്ത സമ്മേളനം നടത്തണമെന്ന ആവശ്യവും, എല്ലാ പ്രശ്‌നങ്ങളും വരുന്ന രണ്ടിന് ചേരുന്ന കൗണ്‍സില്‍ ചര്‍ച്ചചെയ്യാമെന്ന ഉറപ്പും തള്ളിയാണ് കനയ്യ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിലേക്ക് യുവാക്കളെ ആകര്‍ഷിച്ച് പാര്‍ട്ടിയുടെ പ്രതിഛായ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതീക്ഷക്ക് കരുത്ത് പകരുന്നതാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട രണ്ട് യുവ നേതാക്കളുടെ പാര്‍ട്ടി പ്രവേശനം.




Tags:    

Similar News