കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ മുംബൈയില്‍ നിന്നെത്തിയവരും ഒരാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകയുമാണ്. മുംബൈയില്‍ നിന്ന് മെയ് ഒന്‍പതിന് ജില്ലയിലെത്തിയ ചൊക്ലി സ്വദേശി 35കാരനും മെയ് 10ന് എത്തിയ പയ്യാമ്പലം സ്വദേശി 31കാരനുമാണ് പുതുതായി കൊവിഡ് രോഗം ബാധിച്ച രണ്ടു പേര്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ ആരോഗ്യ പ്രവര്‍ത്തക ചിറക്കല്‍ സ്വദേശിയായ 54കാരിയാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 126 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5554 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 27 പേരും കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 13 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 11 പേരും വീടുകളില്‍ 5498 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4865 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4707 എണ്ണത്തിന്റെ ഫലം ലഭ്യമായി. 58 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.