കാരാട്ട് ഫൈസല്‍ പിന്മാറിയില്ല; ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കും

കൊടുവള്ളി നഗരസഭ പതിനഞ്ചാം ഡിവിഷനായ ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കുന്നതിന് കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു.

Update: 2020-11-19 09:52 GMT

കോഴിക്കോട്: മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സിപിഎം ആവശ്യം തള്ളി കാരാട്ട് ഫൈസല്‍. കൊടുവള്ളി നഗരസഭ പതിനഞ്ചാം ഡിവിഷനായ ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കുന്നതിന് കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു. കൊടുവള്ളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് കാരാട്ട് ഫൈസല്‍ പ്രതികരിച്ചു. സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാദമായതിനെ തുടര്‍ന്ന് ഫൈസലിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് നീക്കി പകരം ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ പി റഷീദിനോട് മത്സരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസല്‍ തീരുമാനിക്കുകയായിരുന്നു.

കോഴിക്കോട് കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഫ്‌ലക്‌സ് ബോര്‍ഡുകളും എല്ലാം തയ്യാറായ ശേഷമാണ് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. പക്ഷേ അപ്പോഴേക്കും കാരാട്ട് ഫൈസലും പ്രവര്‍ത്തകരും ഒരു തവണ ചുണ്ടപ്പുറം വാര്‍ഡിലെ എല്ലാ വീടുകളിലുമെത്തിയിരുന്നു. പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഫൈസല്‍ മല്‍സരിക്കേണ്ടെന്ന സിപിഎം തീരുമാനം വന്നു. എന്നാല്‍, മത്സര രംഗത്ത് തുടരുമെന്ന് കാരാട്ട് ഫൈസലും നിലപാട് സ്വീകരിക്കുകയായിരുന്നു.

Tags:    

Similar News