ഛണ്ഡീഗഢ്: പാര്‍ട്ടിയിലെ ബാദല്‍ കുടുംബത്തിന്റെ നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തിയിരുന്ന കര്‍നൈല്‍ സിങ് പഞ്ചോളിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുവര്‍ഷത്തേക്ക് വിലക്കി ശിരോമണി അകാലിദള്‍. ഫെബ്രുവരി 13ന് ചേര്‍ന്ന എസ്എഡിയുടെ അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. അച്ചടക്കരാഹിത്യത്തിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പഞ്ചോളി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കമ്മിറ്റി ചെയര്‍മാന്‍ സിക്കന്ദര്‍ സിങ് മലുക പറഞ്ഞു.
നേരത്തെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പാഞ്ഞോളി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ സഹിഷ്ണുത പാലിച്ച് പാര്‍ട്ടി അദ്ദേഹത്തിനെതിരേ നടപടിയെടുത്തിട്ടില്ലെന്നും എസ്എഡി അച്ചടക്ക സമിതി ചെയര്‍മാന്‍ മലുക രേഖാമൂലം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമായും അകാലിദള്‍ നേതാക്കള്‍ പ്രതിനിധീകരിക്കുന്ന സിഖുകാരുടെ പരമോന്നത പ്രതിനിധി സംഘടനയായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) അംഗം കൂടിയാണ് പഞ്ചോളി.