കര്‍ണാടക: മന്ത്രിസഭാ വിപുലീകരണത്തിനെതിരേ ബിജെപിയില്‍ കലഹം
പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കാന്‍ ആരോപണം ഉന്നയിച്ചവരെ യെദ്യൂരപ്പ വെല്ലുവിളിച്ചു.
ബെംഗളൂരു: മന്ത്രിസഭാ വിപുലീകരണത്തിനെതിരേ കര്‍ണാടക ബിജെപിയില്‍ കലഹം രൂക്ഷമായി. മന്ത്രിസഭാ വിപുലീകരണത്തെച്ചൊല്ലി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെതിരെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ആഞ്ഞടിച്ചു. യെദ്യൂരപ്പയെ ബ്ലാക്ക് മെയില്‍ ചെയ്തവരെയും പണം നല്‍കിയവരെയും മാത്രമാണ് മന്ത്രിസഭാ വിപുലീകരണത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിമത ബിജെപി നേതാക്കള്‍ പരസ്യമായി ആരോപിച്ചത്.
എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കാന്‍ ആരോപണം ഉന്നയിച്ചവരെ യെദ്യൂരപ്പ വെല്ലുവിളിച്ചു. 'ബിജെപി എംഎല്‍എമാര്‍ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് ദില്ലിയിലേക്ക് പോകാം, ദേശീയ നേതാക്കളെ സന്ദര്‍ശിച്ച് അവര്‍ക്ക് എല്ലാ വിവരങ്ങളും പരാതികളും നല്‍കാം. ഞാന്‍ അതിനെ എതിര്‍ക്കില്ല, പക്ഷേ മോശമായി സംസാരിച്ച് പാര്‍ട്ടിയുടെ സല്‍പ്പേരിന് കേടുവരുത്തരുതെന്ന് ഞാന്‍ അവരോട് ആവശ്യപ്പെടുന്നു.' മുഖ്യമന്ത്രി ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.