അമിത ചാര്‍ജ് ഈടാക്കുന്നു; ഒല, ഊബര്‍ ഓട്ടോ സര്‍വീസുകള്‍ക്ക് ബംഗളൂരുവില്‍ വിലക്ക്
ബംഗളൂരു: ഒല, ഊബര്‍, റാപ്പിഡോ കമ്പനികളുടെ ഓട്ടോറിക്ഷ സര്‍വീസുകള്‍ക്ക് ബംഗളൂരു നഗരത്തില്‍ വിലക്ക്. തിങ്കളാഴ്ചയോടെ സര്‍വീസ് അവസാനിപ്പിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. അമിത ചാര്‍ജ് ഈടാക്കുന്നുവെന്നു നിരന്തരമായി യാത്രക്കാരുടെ ഭാഗത്തുനിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഒല, ഊബര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ കമ്പനികള്‍ക്ക് നിലവില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്താന്‍ അധികാരമില്ല, അമിത് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതി ഗുരുതരമാണെന്ന് ബംഗളൂരുവിലെ അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഹേമന്ത കുമാര വ്യക്തമാക്കി.
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഊബര്‍, ഒല, റാപ്പിഡോ കമ്പനികള്‍ ഓട്ടോ റിക്ഷ സര്‍വീസിന് ഈടാക്കുന്നത്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് 30 രൂപയും അധിക കിലോമീറ്ററുകള്‍ക്ക് 15 രൂപയും എന്ന നിലയിലാണ് നഗരത്തിലെ സാധാരണ നിരക്ക്. എന്നാല്‍, ഈ കമ്പനികള്‍ രണ്ട് കിലോമീറ്ററിന് പോലും 100 രൂപയില്‍ അധികം തുക ഈടാക്കുന്ന സാഹചര്യമാണ് നിലവില്‍ ബംഗളൂരു നഗരത്തിലുള്ളത്. തിരക്കുള്ള സമയങ്ങളില്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നതും പതിവാണ്. നിരന്തരമായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടിവന്നതിനെക്കുറിച്ചും നിരവധി പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, നോട്ടീസിനോട് പ്രതികരിക്കാന്‍ ഊബറും ഒലയും തയ്യാറായിട്ടില്ല. ബംഗളൂരുവിലെ തങ്ങളുടെ സര്‍വീസുകള്‍ നിയമവിരുദ്ധമല്ലെന്നും നോട്ടിസിന് മറുപടി നല്‍കുമെന്നും റാപ്പിഡോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത വകുപ്പ് അധികൃതരും പ്രതികരിക്കാന്‍ തയ്യാറായില്ല. കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഓട്ടോറിക്ഷാ സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഗതാഗത വകുപ്പുമായി പങ്കിടാന്‍ മൂന്നുദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.