കര്‍ണാടക; ഹിജാബ് കേസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഹിയറിങ് മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥിനികള്‍
ബെംഗളൂരു; നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹിജാബ് കേസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും അതുകൊണ്ട് ഫെബ്രുവരി 28വരെ ഹിയറിങ് മാറ്റിവയ്ക്കണമെന്നും ഹിജാബ് നിരോധനത്തിനെതിരേ കോടതിയെ സമീപിച്ച പെണ്‍കുട്ടികള്‍. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം കോടതിയില്‍ ഉന്നയിച്ചത്.
ആയിഷ അല്‍മാസും മറ്റ് നാല് വിദ്യാര്‍ത്ഥികളുമാണ് അഭിഭാഷകനായ മുഹമ്മദ് താഹില്‍ വഴി ഈ അപേക്ഷ നല്‍കിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാഷ്ട്രീയമായി ഏറെ പ്രധാനപ്പെട്ട യുപിയിലും തിരഞ്ഞെടുപ്പ് നടക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളെയും സമുദായങ്ങളെയും തമ്മില്‍ വിഭജിക്കാന്‍ ഈ വിവാദം ഉപയോഗപ്പെടുത്തുന്നു.
ഏതെങ്കിലും ഒരാളുടെ തെറ്റായ ചെറിയ പ്രവര്‍ത്തിപോലും സമുദായ വിഭജനമുണ്ടാക്കുമെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരേയാണ് അഞ്ച് പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധമുയര്‍ന്നതോടെ മുസ് ലിംവിരുദ്ധ നടപടികളുമായി ഹിന്ദുത്വരും അവരുടെ സ്വാധീനത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളും രംഗത്തുവന്നു. അതോടെ വിദ്യാലയങ്ങളില്‍ സംഘര്‍ഷം രൂപംകൊണ്ടു.
കുറച്ചുദിവസം സ്‌കൂളുകള്‍ അടച്ചിട്ടുവെങ്കിലും തിങ്കളാഴ്ച തുറന്നു. ഹൈക്കോടതിയുടെ ഇടക്കാല വിധിയനുസരിച്ച് ഹിജാബ് പോലുളള മതചിഹ്നങ്ങള്‍ അണിയരുത്. ഹിജാബ് അഴിച്ചുവച്ചാണ് ഇപ്പോള്‍ കുട്ടികളെ അകത്ത് കയറ്റുന്നത്. എന്നാല്‍ പൊട്ട്, കുരിശ് തുടങ്ങിയ മതചിഹ്നങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല.