തനിക്ക് 100 വയസ്സുവരെ പഠിക്കണമെന്ന് കാര്‍ത്ത്യാനിയമ്മ; കണ്ണീരണിഞ്ഞ് വനിതാജീവനക്കാര്‍
വനിതകള്‍ കുറവായ കേരളഹൗസില്‍ നടന്ന വനിതാദിനാഘോഷങ്ങള്‍ വനിതാ ജീവനക്കാര്‍ക്ക് പുത്തനുണര്‍വു പകരുന്നതായിരുന്നു.
ന്യൂഡല്‍ഹി: കേരളാ ഹൗസിലെ വനിതാ ജീവനക്കാര്‍ സാക്ഷ്യം വഹിച്ചത് വ്യത്യസ്തത നിറഞ്ഞ വനിതാദിനാഘോഷങ്ങള്‍ക്ക്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളഹൗസില്‍ നടന്ന വനിതാ ദിനാഘോഷത്തിന് വിശിഷ്ടാതിഥിയായെത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ നാരീശക്തീ പുരസ്‌കാര ജേതാവ് കാര്‍ത്ത്യായനിയമ്മയായിരുന്നു. തനിക്ക് 100 വയസ്സുവരെ പഠിക്കണമെന്നും 10ാം തരം പാസ്സാകണമെന്നും 96 കാരിയായ അവര്‍ പറയുമ്പോള്‍ അമ്പരന്നും കണ്ണീരണിഞ്ഞും കേരള ഹൗസിലെ വനിതാ ജീവനക്കാര്‍. പഠനത്തിന് പ്രായമില്ലെന്നും ഉള്ള സമയത്ത് ടിവിയും മൊബൈലും കമ്പ്യൂട്ടറിലുമൊക്കെ ഉല്ലാസം കണ്ടെത്തുന്നതിനു പകരം കഴിയുന്നത്ര പഠിക്കാനും വനിതാ ജീവനക്കാര്‍ക്ക് ഉപദേശം. കൂലിപ്പണിക്കാരനായ മാതാപിതാക്കള്‍ക്ക് പഠിപ്പിക്കാന്‍ കഴിയാതെ പോയെങ്കിലും കൊച്ചുമക്കള്‍ പഠിക്കുന്നത് കണ്ട് ആഗ്രഹം തോന്നി പഠിക്കാനിറങ്ങിയതാണെന്നും കാര്‍ത്ത്യാനിയമ്മ പറഞ്ഞു. 10 ാം തരം പാസ്സായി വീണ്ടും അവാര്‍ഡു വാങ്ങാന്‍ എത്തുമെന്നും കാര്‍ത്ത്യായനിയമ്മ ദൃഢനിശ്ചയത്തോടെ പറയുമ്പോള്‍ ഉയരുന്ന കൈയടി. പഠനത്തിന്റെ എല്ലാ ക്രെഡിറ്റും സാക്ഷരതാ പ്രേരകായ സതി ടീച്ചര്‍ക്ക് നല്‍കുന്നു അവര്‍.
വനിതകള്‍ കുറവായ കേരളഹൗസില്‍ നടന്ന വനിതാദിനാഘോഷങ്ങള്‍ വനിതാ ജീവനക്കാര്‍ക്ക് പുത്തനുണര്‍വു പകരുന്നതായിരുന്നു. സ്ത്രീ ശാക്തീകരണം കുടുംബത്തില്‍ നിന്നുതന്നെ തുടങ്ങണമെന്നും സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരണമെങ്കില്‍ പുരുഷന്മാര്‍ കൂടുതല്‍ പിന്തുണ നല്‍കണമെന്നും വനിതാ ദിന സന്ദേശം നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകയും നാണല്‍ ഫെഡറേഷന്‍ ഓഫ് വിമണിന്റെ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ പറഞ്ഞു. സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം പകര്‍ന്ന് വനിതകള്‍ ഇന്ത്യയില്‍ നയിക്കുന്ന സമരങ്ങള്‍ ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്ന കാലമാണിത്. അക്രമങ്ങള്‍ക്കും അനീതിയ്ക്കുമെതിരെ വനിതകള്‍ ശക്തമായി പ്രതികരിക്കേണ്ട കാലം ആനി രാജ പറഞ്ഞു.
റസിഡന്റ് കമ്മീഷണര്‍ സഞ്ജയ് ഗാര്‍ഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആനി രാജയും റസിഡന്റ് കമ്മീഷണറും ചേര്‍ന്ന് കാര്‍ത്ത്യായനി അമ്മയെ ആദരിച്ചു. കേരളാ ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ കെ.എസ്.ഇ.ബി റസിഡന്റ് എഞ്ചിനീയര്‍ ഷീല ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വനിതാ ശിശു വികസന വകുപ്പു ജോയിന്റ് സെക്രട്ടറി ഡോ. കെ.സി. ജോര്‍ജ്ജ്, കേരള ഹൗസ് കണ്‍ട്രോളര്‍ എന്‍. മധുസൂതനന്‍, സെക്ഷന്‍ ഓഫീസര്‍ ഒ. റീന തുടങ്ങിയവര്‍ സംസാരിച്ചു. കേരളാഹൗസില്‍ വനിതാവേദി രൂപീകരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കാരിക്കാനുമാണ് യോഗതീരുമാനം. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് സ്വാഗതവും റസിഡന്റ് കമ്മീഷണറുടെ സി.എ. വിജയലക്ഷ്മി നന്ദിയും പറഞ്ഞു.