''യെച്ചൂരിയെ കൈയേറ്റം ചെയ്തു; കേരള ഹൗസില്‍ ബീഫിനെ ചൊല്ലി സംഘര്‍ഷമുണ്ടാക്കി'' അജ്മീര്‍ ദര്‍ഗ പൊളിക്കാന്‍ ഹരജി നല്‍കിയ വിഷ്ണു ഗുപ്ത ആരാണ്..? (വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് വംശഹത്യയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി നിരോധിക്കണമെന്നാവശ്യപ്പെട്ട് 2023 ഫെബ്രുവരിയില്‍ ഇയാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Update: 2024-11-29 17:02 GMT

ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗ പൊളിച്ച് ശിവക്ഷേത്രം പണിയണമെന്ന് ഹരജി നല്‍കിയ ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്ത നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ബീഫ് വിളമ്പിയതിന് എതിരേ സംഘര്‍ഷമുണ്ടാക്കിയത് ഇയാളും സംഘവുമാണ്. ഡല്‍ഹിയിലെ സിപിഎം ഓഫിസ് ആക്രമിച്ച് സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.


                                                                                     കേരളാ ഹൗസില്‍ ബീഫ് തേടി പോലിസ് എത്തിയപ്പോള്‍(2015)


                                കേരളാ ഹൗസിനെതിരേ ഹിന്ദുസേന നടത്തിയ പ്രചരണങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധം(2015)

വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിഷ്ണുഗുപ്തയ്ക്കും ഹിന്ദുസേനയ്ക്കും എതിരേ നിരവധി കേസുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുപ്രിംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ ആക്രമിച്ചതിന് 2011 ഒക്ടോബറില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ബീഫ് വിളമ്പിയതിന് 2015ല്‍ പ്രതിഷേധം നടത്തിയതും ഇയാളും സംഘവുമായിരുന്നു. കേരളാ ഹൗസില്‍ ബീഫ് വിളമ്പുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലിസുകാരുമായി ഇയാള്‍ എത്തിയത് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

2017 ജൂണിലാണ് ഡല്‍ഹിയിലെ സിപിഎം ആസ്ഥാനായ എകെജി ഭവന്‍ ആക്രമിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്തത്. ഇതില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും വിഷ്ണു ഗുപ്ത പ്രതിയാണ്. 2020 നവംബറില്‍ ഡല്‍ഹിയിലെ ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ബോര്‍ഡിനു മുകളില്‍ ജിഹാദി ടെററിസ്റ്റ് ഇസ്‌ലാമിക് സെന്റര്‍ എന്ന പോസ്റ്റര്‍ ഇയാളുടെ സംഘടന പതിച്ചു. 2021 സെപ്റ്റംബറില്‍ ഹൈദരാബാദ് എംപി അസദൂദ്ദീന്‍ ഉവൈസിയുടെ വീട് ആക്രമിച്ചു. ഈ കേസില്‍ അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റിലായി.                                                                 


                                ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവന് നേരെ ഹിന്ദു സേന നടത്തിയ ആക്രമണം(2017)


                                                        അസദുദ്ദീന്‍ ഉവൈസിയുടെ വീടിന് നേരെയുണ്ടായ ആക്രമണം


ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ബോര്‍ഡിനു മുകളില്‍ ജിഹാദി ടെററിസ്റ്റ് ഇസ്‌ലാമിക് സെന്റര്‍ എന്ന പോസ്റ്റര്‍ പതിച്ചപ്പോള്‍

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ അവഹേളനപരമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് വാളുകള്‍ വിതരണം ചെയ്തതിന് 2022 ജൂണില്‍ ഇയാള്‍ക്കെതിരേ പരാതി വന്നു. ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കണമെന്ന ഉദ്ദേശ്യത്തോടെ ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ ഹിന്ദുസേന നടത്തിയ പ്രതിഷേധ യോഗം 2023 ആഗസ്റ്റില്‍ ഡല്‍ഹി പോലിസ് തടഞ്ഞിരുന്നു.


                                പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപൂര്‍ശര്‍മക്ക് പിന്തുണ നല്‍കിയപ്പോള്‍

ഡല്‍ഹിയിലെ അക്ബര്‍ റോഡ്, ഫിറോസ് ഷാ റോഡ്, പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഓഫിസ് എന്നിവയുടെ ബോര്‍ഡുകളും ഇയാളും സംഘവും നശിപ്പിച്ചു. ഡോണള്‍ഡ് ട്രംപ് 2016ല്‍ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ പ്രത്യേക പൂജയും നടത്തി. 2021ല്‍ ജമ്മുകശ്മീര്‍ എംഎല്‍എ എഞ്ചിനീയര്‍ റാഷിദിന് നേരെ മഷിയൊഴിച്ചു.


                                                                        അക്ബര്‍ റോഡിന്റെ ബോര്‍ഡ് നശിപ്പിച്ചപ്പോള്‍



                                                                             ഡോണള്‍ഡ് ട്രംപിന് വേണ്ടി പൂജ നടത്തിയപ്പോള്‍ (2016)

അജ്മീര്‍ ദര്‍ഗയ്‌ക്കെതിരേ നല്‍കിയ കേസ് ഇയാളുടെയും ഹിന്ദുസേനയുടെയും ആദ്യ കേസുമല്ല. ഗ്യാന്‍വ്യാപി മസ്ജിദില്‍ വീഡിയോ സര്‍വേ നടത്തണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരേ മസ്ജിദ് കമ്മിറ്റി 2022ല്‍ സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീലില്‍ കക്ഷി ചേരാന്‍ ഇയാള്‍ അപേക്ഷ നല്‍കിയിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളണമെന്നായിരുന്നു ഇയാളുടെ വാദം. പക്ഷേ, ഇയാളുടെ അപേക്ഷയാണ് സുപ്രിംകോടതി തള്ളിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് വംശഹത്യയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി നിരോധിക്കണമെന്നാവശ്യപ്പെട്ട് 2023 ഫെബ്രുവരിയില്‍ ഇയാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും എം എം സുന്ദരേഷും അടങ്ങിയ ബെഞ്ച് ഈ ഹരജി തള്ളി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി 2024 ഏപ്രിലില്‍ ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.

ഉത്തര്‍പ്രദേശിലെ ഇറ്റായില്‍ ജനിച്ച് ഡല്‍ഹിയില്‍ താമസിക്കുന്ന വിഷ്ണു ഗുപ്ത, ശിവസേനയുടെ വിദ്യാര്‍ഥി വിഭാഗത്തിലൂടെയാണ് ഹിന്ദുത്വ പൊതുരംഗത്ത് എത്തുന്നത്. 2008ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഭാഗമായ ബജ്‌റങ്ദളില്‍ ചേര്‍ന്നു. പിന്നീട് 2011ല്‍ ഹിന്ദുസേന രൂപീകരിച്ചു. '' രാജ്യത്തിന്റെ ഇസ്‌ലാമികവല്‍ക്കരണം തടയണം, ശരീഅത്ത് നിയമം നടപ്പാക്കുന്നത് തടയണം, ലൗ ജിഹാദും ഇന്ത്യയിലെ ഇസ്‌ലാമിക തീവ്രവാദവും തടയണം, രാജ്യത്തിന്റെ പരമാധികാരത്തിനും സനാതന ധര്‍മത്തിനും വെല്ലുവിളിയായവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം'' തുടങ്ങിയവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെന്ന് ഹിന്ദുസേനയുടെ വെബ്‌സൈറ്റ് പറയുന്നു.


Full View


Tags:    

Similar News