കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ തുക തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Update: 2022-09-28 18:34 GMT

കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ തുക തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ തയ്യാറാക്കിയ സ്‌കീം പ്രകാരമാണ് പണം തിരികെ നല്‍കുക. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കമുള്ളവര്‍ നല്‍കിയ ഹരജികളിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്ഥിരം നിക്ഷേപത്തുകയുടെ 10 ശതമാനവും പലിശയുടെ 50 ശതമാനവും തുകയാണ് തല്‍ക്കാലം തിരിച്ചുനല്‍കുക.

ബാങ്കില്‍ നിന്ന് വായ്പ കുടിശികയായതിനെ തുടര്‍ന്നുള്ള നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് വായ്പയെടുത്തവര്‍ നല്‍കിയ ഹരജികളും സിംഗിള്‍ ബെഞ്ച് ഇതോടൊപ്പം പരിഗണിച്ചു. ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ ആഗസ്ത് 24ന് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. റിസ്‌ക് ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. ഇത് താല്‍ക്കാലിക ആശ്വാസം മാത്രമാണെന്നും ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. 2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ വന്‍ തട്ടിപ്പ് പുറത്തുവന്നത്. പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിരവധി പേര്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.

Tags:    

Similar News