538 കോടി രൂപയുടെ തട്ടിപ്പ്; ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകനെ ഇഡി അറസ്റ്റ് ചെയ്തു

Update: 2023-09-02 09:24 GMT

മുംബൈ: 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ജെറ്റ് എയര്‍വേയ്‌സ് ഇന്ത്യാ ലിമിറ്റഡിന് (ജെഐഎല്‍) 848.86 കോടി രൂപയുടെ വായ്പ അനുവദിച്ചെന്നും ഇതില്‍ 538.62 കോടി രൂപ കുടിശ്ശികയുണ്ടെന്നും കാണിച്ച് കാനറ ബാങ്ക് നല്‍കിയ പരാതിയിലാണ് ഇഡിയുടെ നടപടി. ഇക്കഴിഞ്ഞ മെയ് മാസം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നരേഷ് ഗോയല്‍, ഭാര്യ അനിത, ഗൗരങ്ക് ഷെട്ടി, ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കള്ളപ്പണ ആരോപണം ഉയര്‍ന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം (പിഎംഎംഎല്‍എ) നരേഷ് ഗോയലിനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡിയുടെ മുംബൈ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളില്‍ ഒന്നായ ജെറ്റ് എയര്‍വേയ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞ് 2019ല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. തുടര്‍ന്ന്, കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം നരേഷ് ഗോയല്‍ ഒഴിയുകയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വ്യാജരേഖ ചമച്ചെന്നും തട്ടിപ്പ് നടത്തിയെന്നും കാണിച്ച് മുംബൈ ആസ്ഥാനമായുള്ള അക്ബര്‍ ട്രാവല്‍സ് നരേഷ് ഗോയലിനെതിരെ മറ്റൊരു കേസ് നല്‍കിയിരുന്നെങ്കിലും ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്നും തര്‍ക്കം സിവില്‍ സ്വഭാവമുള്ളതാണെന്നുമുള്ള മഹാരാഷ്ട്ര പോലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ഗോയലിനെ ഇന്ന് മുംബൈയിലെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുമെന്നും ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News