കാസര്‍കോട് പ്രവാസിയുടെ കൊലപാതകം;മരണ കാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു

Update: 2022-06-29 08:27 GMT

കാസര്‍കോട്: പ്രവാസി അബൂബക്കര്‍ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മരണ കാരണം തലച്ചോറിന് ഏറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.

അരയ്ക്ക് താഴെ നിരവധി തവണ മര്‍ദിച്ച പാടുകളുണ്ട്. കാല്‍ വെള്ളയിലും അടിച്ച പാടുകള്‍ കാണാം. നെഞ്ചിന് ചവിട്ടേറ്റു.കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.അതിനിടയില്‍ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറും സുഹൃത്ത് അന്‍സാരിയും ക്രൂരപീഡനത്തിന് ഇരയായി.തലകീഴായി കെട്ടിതൂക്കി അടിച്ചതായി അന്‍വര്‍ പറഞ്ഞു.

അതേസമയം കേസില്‍ രണ്ട് പേരെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകം നടന്ന വീട്ടില്‍ പോലിസ് പരിശോധന നടത്തി. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോവാന്‍ പൈവളികയിലെ സംഘത്തിന് നിദ്ദേശം നല്‍കിയത് മഞ്ചേശ്വരം സ്വദേശിയാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൈവളിക നുച്ചിലയിലെ വീട്ടിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാര്‍പ്പിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ വെച്ചാണ് അബൂബക്കര്‍ സിദ്ധീഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

Tags:    

Similar News