കേരള നിയമസഭാ പ്രമേയം: മലക്കം മറിഞ്ഞും സ്പീക്കറെ കുറ്റപ്പെടുത്തിയും ഒ രാജഗോപാല്‍

Update: 2021-01-01 08:10 GMT

തിരുവനന്തപുരം: കേരള നിയമസഭ കഴിഞ്ഞ ദിവസം പാസ്സാക്കിയ പ്രമേയത്തെ താന്‍ അനുകൂലിച്ചുവെന്നത് തെറ്റിദ്ധാരണയാണെന്നും മറിച്ച് പ്രമേയത്തെ എതിര്‍ക്കുകയാണ് ചെയ്തതെന്നും ബിജെപി നേതാവും നേമം എഎല്‍എയുമായ ഒ രാജഗോപാല്‍. വോട്ടെടുപ്പ് സമയത്ത് സ്പീക്കറുടെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.

കേരള നിയമസഭയില്‍ താന്‍ കേന്ദ്ര സര്‍ക്കാരിന് എതിരായി ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, ഈ ബില്ലിന് അനുകൂലവുമാണെന്ന് രാജഗോപാല്‍ വ്യക്തമാക്കി. ഈ ബില്ല് കര്‍ഷകര്‍ക്ക് ഗുണകരമായിരിക്കും. ഇത്തരം ബില്ല് കൊണ്ടുവരണമെന്ന് നേരത്തെ കോണ്‍ഗ്രസ്സും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴവര്‍ അത് നിഷേധിക്കുകയാണ്- രാജഗോപാല്‍ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കുറ്റപ്പെടുത്തി.

വോട്ടെടുപ്പ് സമയത്ത് ബില്ലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ആരാണെന്ന് സ്പീക്കര്‍ ചോദിച്ചില്ല. പകരം ഒറ്റച്ചോദ്യത്തില്‍ ചുരുക്കുകയായിരുന്നു. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്- എഴുതിത്തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ രാജഗോപാല്‍ പറഞ്ഞു.

കാര്‍ഷിക നിയമത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിനെതിരേ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ താന്‍ എതിര്‍ത്തില്ലെന്ന് ഒ രാജഗോപാല്‍ നേരത്തെ നിയമസഭാ സമ്മേളനത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രമേയത്തെ അനുകൂലിക്കുന്നുവെന്നും പ്രമേയം ഏകകണ്ഠമായാണ് പാസ്സാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറും ഏകകണ്ഠമായാണ് പ്രമേയം പാസ്സായതെന്ന് സഭയെ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഒ രാജഗോപാല്‍ തിരുത്തിയത്.

രാജ‌ഗോപാലിന്റെ നിലപാട് ദേശീയ തലത്തില്‍ തന്നെ വലിയ വിവാദമുണ്ടാക്കി. ബിജെപിയുടെ ഏക എംഎല്‍എ കേന്ദ്ര സര്‍ക്കാരിനെതിരേ നിലപാടെടുത്തത് ബിജെപിക്കും പ്രതിസന്ധി സൃഷ്ടിച്ചു. ഇതേ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം തയ്യാറായിരുന്നില്ല.

Tags:    

Similar News