കേരള ബജറ്റ് 2021: കേരളത്തെ വിവരാധിഷ്ഠിത സമ്പദ്ഘടനയാക്കി മാറ്റാന്‍ വിപുലമായ പദ്ധതികള്‍

Update: 2021-01-15 05:35 GMT

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് വിദ്യാഭ്യാസം വഹിച്ച പങ്ക് വിശദീകരിച്ച ധനമന്ത്രതി തോമസ് ഐസക്ക് കേരളത്തെ വിവരാധിഷ്ഠിത സമ്പദ്ഘടനയാക്കി മാറ്റാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിനായി കെ ഫോണ്‍ പദ്ധതിക്ക് 166 കോടിയും ഇ ഗവേണന്‍സ് പദ്ധതിക്ക് വേണ്ടി 125 കോടിയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.

വൈജ്ഞാനിക സമ്പദ്ഘടനയെന്ന സങ്കല്‍പ്പത്തിന്റെ സാധ്യതകളും പ്രത്യേകതകളും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഡിജിറ്റല്‍ അറിവുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം. ഡിജിറ്റല്‍ ഡിവൈഡ് ഒഴിവാക്കണം. കൃഷിക്കാരടക്കം എല്ലാ തൊഴിലെടുക്കുന്നവരുടെയും അറിവുകളുടെ അടിസ്ഥാനത്തില്‍ പുതിയ സങ്കേതങ്ങള്‍ ഉള്‍ച്ചേര്‍ക്കണം. വിജ്ഞാനം പുനഃസൃഷ്ടിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ഇത്തരം സമൂഹം സൃഷ്ടിക്കുന്നതിന് വിവരാധിഷ്ഠിത ആവാസവൃവസ്ഥ ആവശ്യമാണ്. ഇതിനുള്ള നിര്‍ണായക കാല്‍വയ്പ്പാണ് സ്‌കൂളുകളിലെ ഡിജിറ്റലൈസേഷന്‍. അതിലൂടെ പുതിയ തലമുറ വിവരവിനിമയ സാങ്കേതിക വിദ്യയുമായി പരിജയപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

ഈ സങ്കല്‍പ്പത്തിന്റെ ഭാഗമായി എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇതിനായി നൂറിന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്‌ടോപ്പ് പദ്ധതി വിപുലവും ഉദാരവുമാക്കും. പട്ടിക വിഭാഗങ്ങള്‍, മല്‍സ്യത്തൊഴിലാളികള്‍, അന്ത്യേദയ പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നീ സാമൂഹികമായി താഴ്ന്ന നിലയിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കും. മറ്റ് ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയോടെയിരിക്കും ലാപ്‌ടോപ്പ് ലഭിക്കുക. ഇതിനുള്ള ചെലവ് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും വഹിക്കും. സബ്‌സിഡി കഴിഞ്ഞ തുക കെഎസ്എഫ്ഇയുടെ വിദ്യാശ്രീ വഴി തിരിച്ചടക്കണം. കെഎസ്എഫ്ഇ മൈക്രോ ചിട്ടി വഴി ചേര്‍ന്നവര്‍ക്ക് ഏപ്രില്‍ മാസത്തോടെ ലാപ്‌ടോപ്പ് ലഭ്യമാക്കും. ഇതിനുവേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കും.

വീടുകളിലും സ്ഥാപനങ്ങളിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കും. നെറ്റ് വര്‍ക്ക് ഓപറേറ്റിങ് സെന്റര്‍ 14 ജില്ലാ സെന്ററുകളും അതുമായി ബന്ധപ്പെട്ട 600 ഓഫിസുകളും ഉള്‍പ്പെടുന്ന ഒന്നാം ഘട്ടം ഫെബ്രുവരി മാസം പൂര്‍ത്തിയാക്കും. മാര്‍ച്ച് മാസത്തോടെ കെഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കും.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായിരിക്കും. 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്‍ട്രാനെറ്റ് വഴി ബന്ധിപ്പിക്കും. 10 എംബിപിഎസ്സ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും വേഗത. ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയാവുകയില്ല. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ഇതുവഴി ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്ന് മന്ത്രി വിശദീകരിച്ചു. കൂടാതെ ഇതിനുള്ള ചെലവും കുറയും.

നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട മേഖലയില്‍ വളര്‍ച്ചയ്ക്കുവേണ്ട നടപടികള്‍ സ്വീകരിക്കും. ചെറുകിട വ്യവസായമേഖല, ടൂറിസം, ഇ കോമേഴ്‌സ് തുടങ്ങിയവയ്ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കും. കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി വകയിരുത്തിയിട്ടുണ്ട്.

ഇ ഗവണന്‍സ് സംവിധാനത്തിന് കെ ഫോണ്‍ ഉത്തേജകമാവുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പഞ്ചായത്തില്‍ ഇപ്പോള്‍ത്തന്നെ ഇന്റര്‍നെറ്റ് അധിഷ്ഠിത എന്‍ര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിങ് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഇ എഡ്യൂക്കേഷന്‍, ഇ ഹെല്‍ത്ത് തുടങ്ങിയവ മെച്ചപ്പെടുത്തും.

സര്‍ക്കാര്‍ സേവനങ്ങള്‍ ഇന്‍ട്രാനെറ്റില്‍ ലഭ്യമാകും. ഇത് അവയുടെ  കാര്യക്ഷമത വര്‍ധിപ്പിക്കും.

കേരളത്തിലെ പ്രധാന ഇ ഗവേണന്‍സ് പരിപാടികളായ സ്റ്റേറ്റ് ഡാറ്റ സെന്ററുകള്‍, കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക്, സെക്രട്ടേറിയറ്റ് വൈഡ് ഏരിയ സര്‍വീസ് നെറ്റ് വര്‍ക്ക് തുടങ്ങിയവ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുഖാന്തിരമാക്കും. ഇതിനായി 125 കോടി വകയിരുത്തിയിട്ടുണ്ട്.

Tags:    

Similar News