സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ വിതരണം ചെയ്തു; ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

Update: 2024-07-10 05:55 GMT

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ആദിവാസികള്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്. മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേര്‍ന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.

സംഭവത്തില്‍ വിശദീകരണവുമായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രംഗത്ത് വന്നു. വെളിച്ചെണ്ണ തന്നെയാണോ ആരോഗ്യ പ്രശ്‌നത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും പരിശോധനാ ഫലത്തിന് കാത്തിരിക്കുന്നുവെന്നുമാണ് മറുപടി. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ തന്നെയാണ് കിറ്റ് വിതരണം നടത്തിയത്. നിരോധിച്ച വെളിച്ചെണ്ണയാണെന്ന് ഇപ്പോഴാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ വസ്തുതയും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് നേരത്തെ പകര്‍ച്ചപ്പനി ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന തുടരുകയാണെന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പറഞ്ഞു.

Tags:    

Similar News