പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്കു വിട്ടതിനെതിരേ കേരളം സുപ്രിംകോടതിയിലേക്ക്: സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സിപിഎം ക്രിമിനലുകളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. കേരള മന:സാക്ഷിയെ നടുക്കിയ അരുംകൊലയില്‍ സിപിഎമ്മിന്റെ പങ്ക് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് സിബിഐ അന്വേഷണം തടയാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം. ഈ കേസ് സിബിഐക്ക് വിട്ട കോടതിവിധിയെ കേരളീയ പൊതുസമൂഹം സ്വാഗതം ചെയ്തതാണ്. സിപിഎമ്മിന്റെ പങ്ക് കൃത്യമായി ആരോപിക്കുന്ന ഈ കൊലപാതകം സിബിഐക്ക് വിടാനുള്ള ആര്‍ജ്ജവമാണ് മുഖ്യമന്ത്രി കാട്ടേണ്ടിരുന്നത്. സിപിഎമ്മിന് പങ്കില്ലെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.
പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് നല്‍കാന്‍ ഇതുവരെ കേരള പോലീസ് തയ്യാറാകാത്തത് സിപിഎം ഉന്നതരുടെ ഇടപെടലുകളെ തുടര്‍ന്നാണ്. പോലിസിന്റെ ഈ നടപടി കോടതിയലക്ഷ്യവും അന്വേഷണം അട്ടിമറിക്കുന്നതുമാണ്. എന്നും വേട്ടക്കാര്‍ക്ക് ഒപ്പം നിന്ന പാര്‍ട്ടിയാണ് സിപിഎം. ഇരകള്‍ക്ക് വേണ്ടി നിലപാടെടുത്ത പാരമ്പര്യം സിപിഎമ്മിനില്ല. ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍, ടി.പി. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള കൊലക്കേസുകളില്‍ പ്രതികളെ സംരക്ഷിക്കാനും സിബിഐ അന്വേഷണത്തെ എതിര്‍ക്കാനും നികുതിദായകന്റെ കോടികളാണ് ഈ സര്‍ക്കാര്‍ പൊടിച്ചത്. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് പങ്കുള്ള കൊലപാതകമാണ് ടി.പി. ചന്ദ്രശേഖരന്റേതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കുറ്റവാളികളുടെ പാര്‍ട്ടിയാണ് സിപിഎം. ഓരോ ദിവസവും സിപിഎം നേതൃത്വത്തെ ചുറ്റിപറ്റിയുള്ള അഴിമതികളുടേയും മയക്കുമരുന്നിന്റെയും കൊലപാതകത്തിന്റെയും മലീമസമായ സംഭവങ്ങളാണ് പുറത്ത് വരുന്നത്. ത്യാഗികളായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ സിപിഎമ്മിനെ ഇന്നത്തെ പാര്‍ട്ടി നേതൃത്വം സ്വാര്‍ത്ഥലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ഒന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന അണികളെ സിപിഎം നേതൃത്വം വഞ്ചിക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ സിപിഎം അനുഭാവികള്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വെഞ്ഞാറമൂട് കൊലപാതകത്തിന് രാഷ്ട്രീയമാനം നല്‍കി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും അതിന് കടകവിരുദ്ധമായ തെളിവുകളാണ് പുറത്തുവന്നത്. രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെഞ്ഞാറമൂട് കൊലപാതകത്തിന് കാരണമെന്ന് കെപിസിസി തുടക്കം മുതല്‍ വ്യക്തമാക്കിയതാണ്. അത് ശരിവക്കുന്നതാണ് ഇപ്പോഴത്തെ അന്വേഷണത്തിന്റെ പോക്കും. സിപിഎം നേതൃത്വം അറിഞ്ഞാണ് വെഞ്ഞാറമൂട് കൊലപാതകം നടന്നിരിക്കുന്നത്. അതുകൊണ്ട് അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ കേസ് സിബിഐ സത്യസന്ധമായി അന്വേഷിച്ചാല്‍ ഡിവൈഎഫ്‌ഐയുടെ ഉന്നതനായ സംസ്ഥാന നേതാവ് പ്രതിസ്ഥാനത്ത് വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.