കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും മൂലധന ചെലവില്‍ കുതിച്ചുചാട്ടമെന്ന് ആസൂത്രണ ബോര്‍ഡ്

വരും വര്‍ഷങ്ങളില്‍ ഇത് വരുമാന വര്‍ധനവിലും തൊഴിലവസങ്ങളിലും ഗുണകരമായ മാറ്റങ്ങള്‍ സംസ്ഥാനത്തുണ്ടാക്കാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍

Update: 2024-01-20 08:25 GMT

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും മൂലധന ചെലവില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി കേരളം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. വരും വര്‍ഷങ്ങളില്‍ ഇത് വരുമാന വര്‍ധനവിലും തൊഴിലവസങ്ങളിലും ഗുണകരമായ മാറ്റങ്ങള്‍ സംസ്ഥാനത്തുണ്ടാക്കാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. നിത്യ ചെലവിന് പോലും ബുദ്ധിമുട്ടിയ കാലമാണ് കടന്നുപോകുന്നത്. സാമൂഹിക സുരക്ഷാ പദ്ധതികള്‍ പോലും പാതിവഴിയിലായി. സാമ്പത്തിക വര്‍ഷാവസാനത്തിലേക്ക് സംസ്ഥാനം കടക്കുന്നത് കിട്ടാവുന്നിടത്ത് നിന്നെല്ലാം കടമെടുത്താണ്. സാഹചര്യങ്ങളെല്ലാം ഇങ്ങനെയായിട്ടും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ച് ചാട്ടം തന്നെ ഉണ്ടായെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

    ഒന്നാം പിണറായി സര്ക്കാരിന്റെ ആദ്യ വര്‍ഷം (201617) 7.65 ശതമാനം ആയിരുന്ന മൂലധന ചെലവ് രണ്ടാം പിണറായി സര്ക്കാര്‍ രണ്ടാം വര്‍ഷത്തിലെത്തിയപ്പോള്‍ (2022-23) 13.97 ശതമാനം ആയി. അതായത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 142 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇതിനിടെയും പ്രതിസന്ധി കാലത്തെ അധിക ചെലവും ധൂര്‍ത്തും സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളും ആസൂത്രണ ബോര്‍ഡ് തള്ളുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യ മേഖലയില്‍ കേരളമുണ്ടാക്കിയ നേട്ടങ്ങള്‍ കേന്ദ്ര അവഗണനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. കിഫ്ബി അടക്കം മൂലധന ചെലവിന് പണം സമാഹരിക്കാന്‍ കണ്ടെത്തിയ സംവിധാനങ്ങള്‍ ഓരോന്നും തിരഞ്ഞുപിടിച്ച് കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്നുമാണ് ആരോപണം. വായ്പാ പരിധിയിലെ വെട്ടിക്കുറവില്‍ മാത്രമല്ല ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യത്തിന് അനുസരിച്ച് കേന്ദ്രസഹായത്തിന്റെ മാനദണ്ഡം മാറ്റണമെന്നും കേരളം ആവശ്യപ്പെടുന്നു.

Tags:    

Similar News