ഏറ്റവും ഒടുവിലായി പരിശോധിച്ചത് 2011ല്‍; മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ സുരക്ഷാ പരിശോധന ഉടൻ വേണമെന്ന് കേരളം

Update: 2024-06-14 05:46 GMT
ഏറ്റവും ഒടുവിലായി പരിശോധിച്ചത് 2011ല്‍; മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ സുരക്ഷാ പരിശോധന ഉടൻ വേണമെന്ന് കേരളം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രിം കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തില്‍ നടത്തണമെന്ന ശക്തമായ ആവശ്യവുമായി കേരളം. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍, ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന നടത്താന്‍ കഴിയുവെന്ന നിലപാടിലാണ് തമിഴ് നാട്.

2011 ലാണ് സുപ്രിം കോടതി നിയോഗിച്ച വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ പരിശോധന നടത്തിയത്. കേരളത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനുള്ളില്‍ വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് 2018ല്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍, തമിഴ് നാടിന്റെ നിസ്സഹകരണം മൂലം ഇതുവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഉടന്‍ നടത്തണമെന്ന് കേരളം മേല്‍ നോട്ട സമിതി യോഗത്തില്‍ ശക്തമായ നിലപാടെടുത്തു. അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിന്റെ ചലനം, വികാസം തുടങ്ങി മുഴുവന്‍ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും കേരളം യോഗത്തില്‍ വ്യക്തമാക്കി.

ബേബിഡാം ബലപ്പെടുത്താന്‍ മരങ്ങള്‍ മുറിക്കണമെന്ന ആവശ്യം തമിഴ്‌നാട് യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഇതില്‍ വനം വകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം അറിയിച്ചു. വള്ളക്കടവില്‍ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്യണമെന്നും തമിഴ് നാട് ആവശ്യപ്പെട്ടു. എന്നാല്‍, സമിതി നടത്തിയ പരിശോധനയില്‍ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപോര്‍ട്ട് സുപ്രിം കോടതിക്ക് സമര്‍പ്പിക്കും.

കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയില്‍ കേരളത്തില്‍ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ് ചീഫ് എന്‍ജിനീയര്‍ ആര്‍. പ്രിയേഷ് എന്നിവരും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്‌സേന കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യന്‍ എന്നിവരുമാണ് അംഗങ്ങള്‍. അണക്കെട്ടിലെത്തിയ മേല്‍നോട്ട സമിതി അംഗങ്ങള്‍ പ്രധാന ഡാം, ബേബി ഡാം എന്നിവക്കൊപ്പം സ്പില്‍വേയിലെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി പരിശോധിച്ചു.

Tags:    

Similar News