മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പരിഗണനയിലില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം

Update: 2024-07-25 16:34 GMT

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനയുടെ ചുമതല അതിന്റെ ഉടമസ്ഥത വഹിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണെന്നും ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സുരക്ഷാ പരിശോധനയുടെ ചുമതല തമിഴ്‌നാട് ജലവകുപ്പിനാണ്. 2021ലെ ഡാം സേഫ്റ്റി നിയമപ്രകാരം അവര്‍ കാലവര്‍ഷത്തിനു മുമ്പും ശേഷവും എല്ലാ വര്‍ഷവും പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമെ, 2024 ജൂണ്‍ 13ന് മേല്‍നോട്ട സമിതിയും പരിശോധന നടത്തിയിരുന്നു. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 2021ലെ നിയമത്തിന്റെ 38ാം സെക്ഷന്‍ പ്രകാരം നിയമം പ്രാബല്യത്തിലായി അഞ്ചു വര്‍ഷത്തിനുള്ളില്‍ സമഗ്ര സുരക്ഷാ അവലോകനം നടത്തേണ്ടതാണ്. ഇക്കാര്യം ജൂണ്‍ 13ന് ചേര്‍ന്ന മേല്‍നോട്ട സമിതി യോഗം ചര്‍ച്ച ചെയ്തതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Tags:    

Similar News