ഇത്തരക്കാർ പേരിനൊപ്പം കലാമണ്ഡലം ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം; സത്യഭാമയെ തള്ളി കലാമണ്ഡലം
തൃശ്ശൂർ: കലാമണ്ഡലം സത്യഭാമയുടേതായി നിലവില്‍ വന്നു കൊണ്ടിരിക്കുന്ന പ്രസ്താവനകളെയും നിലപാടുകളെയും തള്ളി കേരള കലാമണ്ഡലം. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നതിന് സ്ഥാപനത്തിന് കളങ്കമാണെന്നും കലാാമണ്ഡലം പുറത്തിറ്കകിയ പ്രസ്താവനയില്‍ പറയുന്നു. കേരള കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും വൈസ്ചാന്‍സര്‍ ബി അനന്തകൃഷ്ണനും രജിസ്ട്രാര്‍ ഡോ. പി രാജേഷ്‌കുമാറും ഒപ്പിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ രംഗത്തു വന്നിരുന്നു. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇതിന് പ്രതികരണവുമായി ആർഎൽവി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്. പിന്നീട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും സൗന്ദര്യമില്ലാത്തവർ നൃത്തത്തമത്സരങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന തരത്തിലുള്ള പ്രസ്താവനകൾ ഇവർ നടത്തിയിരുന്നു.