കലാമണ്ഡലത്തിൽ ഇന്ന് ആർഎൽവി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം

Update: 2024-03-23 06:52 GMT

തൃശൂര്‍: കലാമണ്ഡലം കൂത്തമ്പലത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലം വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ചിനാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടി. ആദ്യമായാണ് കലാമണ്ഡലത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു. ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന വേദിയാണ് കലാമണ്ഡലത്തിലെ കൂത്തമ്പലം. ഏറ്റവും വലിയ ആഗ്രഹമാണ് ഇത്രയും കാലത്തിനു ശേഷം സാധ്യമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ കുടുംബ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള ക്ഷണം രാമകൃഷ്ണന്‍ നിരസിച്ചിരുന്നു. വിവാദ പരാമര്‍ശത്തില്‍ നൃത്താധ്യാപിക സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുകയാണ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് മനുഷ്യാവകാശ കമീഷന്റെ നടപടി. അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് സത്യഭാമ പറഞ്ഞത്.

Tags:    

Similar News