കിറ്റെക്‌സ് തൊഴില്‍ശാലയല്ല, അതിസുരക്ഷാ ജയില്‍

Update: 2021-12-29 01:19 GMT

സി എ അജിതന്‍ 

തൃശൂര്‍: കിഴക്കമ്പലം കിറ്റെക്‌സിലെ തൊഴിലാളികള്‍ നടത്തിയ അക്രമങ്ങളുടെ വ്യാഖ്യാനം ഇതര സംസ്ഥാന തൊഴിലാളികളെ പൈശാചിക വല്‍ക്കരിക്കുന്നതിലേക്ക് നയിക്കുന്നതിനു പിന്നിലെ നൈതികപ്രശ്‌നങ്ങളാണ് രാഷ്ട്രീയപ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ സി എ അജിതന്‍ എഴുതുന്നത്. ഇതരം സംസ്ഥാന തൊഴിലാളികളെ വംശീയമായി മാത്രം ആഖ്യാനം ചെയ്യുന്നതിലെ മലയാളി വംശീയതയുടെ ആഖ്യാനതന്ത്രവും അദ്ദേഹം പൊളിച്ചെഴുതുന്നു.

''ലേബര്‍ ക്യാമ്പില്‍ നിന്നും പുറത്ത് പോകണമെങ്കില്‍ കാവല്‍ക്കാരുടെ അനുവാദം വേണ്ടി വരുന്നുണ്ടെങ്കില്‍ അതൊരു തൊഴില്‍ ശാലയല്ല.തീര്‍ച്ചയായും അതൊരു അതിസുരക്ഷാ ജയിലാണ്. അവിടെ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ കഴിയുന്നത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേയ്ക്കായിരിക്കും. ക്രിസ്തു ജനിച്ച ദിവസം അവര്‍ ആഘോഷിച്ചു. മദ്യവും മയക്കു മരുന്നും ഒരു പക്ഷേ അവരെ ഉന്മാദത്തിലെത്തിച്ചിരിക്കും. മഹാഭൂരിപക്ഷവും അതിനു വിധേയരുമായിട്ടുണ്ടാകില്ല. ഒരു ചെറു ന്യൂനപക്ഷം മാത്രമായിരിക്കും. അതിന് മലയാളി വംശീയ വാദം ഉത്തരവുമല്ല. യാഥാര്‍ത്ഥ കുറ്റവാളികള്‍ ഭരണകൂടവും കോര്‍പ്പറേറ്റ് മുതലാളിത്തവുമാണ്.'' അദ്ദേഹം എഴുതുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം 

കിഴക്കമ്പലം കിറ്റെക്‌സ് തൊഴിലാളികള്‍ നടത്തിയ 'അക്രമങ്ങള്‍'- മലയാളി സമൂഹം എങ്ങനെയാണ് ഇതര സംസ്ഥാന തൊഴിലാളികളോട് ഇടപെടുന്നത് എന്ന പ്രധാനപ്പെട്ട ഒരു ചോദ്യം ഈ സാഹചര്യത്തില്‍ ഉയര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്.

ഇതര സംസ്ഥാന തൊഴിലാളികളെ നമ്മളെല്ലാവരും ഹിന്ദിക്കാരായിട്ടാണ് അതുമല്ലെങ്കില്‍ ബംഗാളിയായിട്ടാണ് കാണുന്നത്.

പണ്ടത്തെ മുംബൈ നഗരത്തില്‍ മറാത്ത വാദികള്‍ 'മദ്രാസി'ഹെ എന്ന പരമപുച്ഛത്തോടെ തെക്കെ ഇന്ത്യന്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തിരുന്നതുപോലെ... മുംബൈ നഗരത്തില്‍ എത്ര തമിഴ്/മലയാളി/കര്‍ണാടക/ആന്ധ്ര 'ദാദാ'ക്കള്‍ ഉണ്ടായിരുന്നു. അവരുടെ അതിര്‍ത്തി തര്‍ക്കങ്ങളിലും ചൂതാട്ടങ്ങളിലും അവര്‍ ചെയ്തു കൂട്ടിയിട്ടുള്ള ലഹരിമയക്കുമരുന്ന് സ്വര്‍ണ്ണക്കടത്ത് മാത്രമല്ല ചുവന്ന തെരുവുകളുടെ നടത്തിപ്പ് അതുമായി ബന്ധപ്പെട്ട കൊല്ലും കൊലയും കൊള്ളിവെപ്പുകളും ആര്യന്‍, അഭിമന്യു, ഇന്ദ്രജാലം, നായകന്‍, തലൈവ തുടങ്ങിയ സിനിമകളിലൂടെ കണ്ണന്‍ കണ്ണന്‍ നായരായതും കാര്‍ലോസും, വരദരാജ മുതലിയാരും മലയാളിക്കും തമിഴനും കയ്യടിക്കാനുള്ള വകയായിരുന്നു.

മുംബൈ നഗരത്തിലെ സയണ്‍, കിന്‍സര്‍ക്കിള്‍, മാഹിം, മാട്ടുംഗ, കുര്‍ള മുതല്‍ ദാദര്‍ വരേയുള്ള റയില്‍വേ ട്രാക്കിന്റെ വലതുവശത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശം 'ധാരാവി' തീപ്പെട്ടി കൂടുകള്‍ പോലെയുള്ള അവിടുത്തെ ലേബര്‍ ക്യാമ്പുകള്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിക്കപ്പെട്ടവരുടെ ആവാസമേഖല. സ്വതന്ത്ര ഇന്ത്യയിലെ ബക്രാനംഗല്‍ അണക്കെട്ട് നിര്‍മാണം മുതല്‍ നര്‍മ്മദയും മെട്രോയും കൊങ്കണ്‍ റെയില്‍വേയും എക്‌സ്പ്രസ് ഹൈവേകളും വന്‍കിട കോര്‍പ്പറേറ്റ് കുത്തകകളുടെ താല്പര്യങ്ങള്‍ക്കായി വികസനത്തിന്റെ പേരില്‍ തങ്ങളുടെ ആവാസവ്യവസ്ഥകളെ തകര്‍ത്തെറിഞ്ഞ് പുറത്താക്കപ്പെട്ട എല്ലാ സ്വപ്നങ്ങളും കരിഞ്ഞുണങ്ങിയ ആറര കോടി മനുഷ്യര്‍. ഇന്ത്യന്‍ ചേരിപ്രദേശങ്ങള്‍ നിരാലംബരായ മനുഷ്യരാല്‍ വിപുലീകരിക്കപ്പെട്ടു.

എല്ലാം നഷ്ടപ്പെട്ട അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പറുദീസയായി ചേരിപ്രദേശങ്ങള്‍. അവിടങ്ങളില്‍ അവര്‍ അവരുടെ നിയമങ്ങള്‍ നിര്‍മ്മിച്ചു.

സംഗീതവും നൃത്തവും കഥകളും സിനിമകളും നാടകങ്ങളും അവരുടേതായ പുതിയ സംസ്‌കാരങ്ങളും പ്രണയങ്ങളും ഉയര്‍ന്നുവന്നു.

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ അഭ്യസ്തവിദ്യരുടെ തൊഴില്‍ തേടിയുള്ള യാത്ര 1950 കളില്‍ മുംബൈ പോലെയുള്ള നഗരങ്ങളിലേയ്ക്കായിരുന്നു.

മുംബൈ നഗരത്തില്‍ ഏറ്റവും പിന്നോക്ക പ്രദേശങ്ങളായ മലാഡ്, കുറാഡ്, മലോണി, ഗോരെഗാവ്, ജോഗേശ്വരി, സയണ്‍, മാഹിം, മാട്ടുംഗ, ധാരാവി, കുര്‍ള, ചെമ്പൂര്‍, സാക്കിനാക്ക, ഗാഡ്കൂപ്പര്‍, ഭീവണ്ടി... തുടങ്ങിയ പ്രദേശങ്ങള്‍ മലയാളി ഗ്രാമങ്ങളെപ്പോലെയായിരുന്നു.

മുണ്ടുടുത്തചേട്ടന്മാരായിരുന്നു അധികവും. ഗാര്‍മെന്‍സ് ടെക്‌റ്റെയില്‍സ് ആശുപത്രികള്‍ ചെറുകിട വ്യവസായങ്ങളില്‍ ഹോട്ടല്‍ ടാക്‌സി നിര്‍മ്മാണമേഖലകളില്‍ മലയാളികളുടെ പങ്ക് ചെറുതായിരുന്നില്ല. അക്കാലത്ത് മലയാളി കൂട്ടായ്മകള്‍ തൊഴിലാളി സംഘടനകള്‍ സജീവമായി രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞിരുന്നു. അതുവഴി തങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്കൊപ്പം ക്രിമിനല്‍ ആക്റ്റിവിസത്തേയും മദ്യം മയക്കുമരുന്ന് ഗുണ്ടാ അക്രമങ്ങളേയും ഒരു പരിധിവരെ പ്രതിരോധിക്കാനും കഴിഞ്ഞിരുന്നു. അപ്പോഴും അപവാദമായി ചെറുതും വലുതുമായ ഒരു ന്യൂനപക്ഷ മലയാളി/തമിഴ് 'ദാദാ'ക്കള്‍ മുംബൈ നഗരത്തിന്റെ ഉറക്കം കെടുത്തിയിരുന്നു.

മണ്ണിന്റെ മക്കള്‍ 'അംച്ചി മുംബൈ'വാദം 1970കളില്‍ മുംബൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ചു. മുണ്ടുടുത്തവരെല്ലാം 'മദ്രാസി'യായിരുന്നു മറാത്ത വാദികള്‍ക്ക്. എവിടെ കണ്ടാലും മര്‍ദ്ദനങ്ങള്‍. മലയാളികള്‍ക്കും തമിഴര്‍ക്കും നേരെയുള്ള ആക്രമണങ്ങളെ തടയാന്‍ അന്ന് തമിഴ്‌നാട്, കേരള ബറ്റാലിയനെയാണ് മുംബൈ നഗരത്തിലിറക്കിയത്. മറാത്ത വാദത്തെ നേരിടാന്‍ അവര്‍ ലാത്തിയും തോക്കുമായിട്ടാണ് തെരുവിലിറങ്ങിയത്. 'മലയാളി ചേട്ടന്മാര്‍ ഉണ്ടെങ്കില്‍ ഓടിക്കോ'എന്ന് പറഞ്ഞ് മലാഡ് കസ്തൂര്‍ബാ തിയ്യറ്ററിനടുത്ത് വച്ച് സിആര്‍പിക്കാര്‍ മറാത്ത വാദികള്‍ക്ക് നേരെ ഭീകരമായ ലാത്തി ചാര്‍ജ് നടത്തി കൊണ്ടായിരുന്നു അന്ന് തെരുവ് കയ്യടക്കിയത്.

പറഞ്ഞു വന്നത് കേരളത്തില്‍ ഇപ്പോള്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. സത്യത്തില്‍ എന്ത് സംരക്ഷണമാണ് നമ്മളവര്‍ക്ക് നല്‍കുന്നത്? കിറ്റെക്‌സ് മുതലാളിയുടെ കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ 11,00 തൊഴിലാളികളുണ്ടെന്ന് കിഴക്കമ്പലം സംഭവത്തിലൂടെ നമുക്ക് അറിയാന്‍ കഴിഞ്ഞു. അറിഞ്ഞിടത്തോളമുള്ള വിവരങ്ങള്‍ വച്ച് അവിടെ മഹാഭൂരിപക്ഷവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ്. അവര്‍ക്കാണെങ്കില്‍ ഹിന്ദി പോലുമറിയില്ല. അടിമകളെ പോലെയാണ് അവരവിടെ പണിയെടുക്കുന്നത്. അവര്‍ക്ക് സംഘടിതമായ ഒരു യൂണിയന്‍ ഉണ്ടോയെന്ന് പോലും സംശയമാണ്. ഉണ്ടാകാന്‍ വഴിയില്ല. കാരണം 20/20 ട്രേഡ്‌യൂണിയന്‍ ഇല്ലായെന്നാണറിവ്. കേരളത്തിലെ കോര്‍പ്പറേറ്റ് വികസന മുതലാളിത്തം തൊഴിലാളി സംഘടനകളെ അംഗീകരിക്കുന്നില്ല. പുതിയ 'തൊഴില്‍ സംസ്‌കാരം 'വളര്‍ത്തിയെടുക്കുന്നതില്‍ ഇ.എം.എസ്സിന്റെ ശിഷ്യന്മാര്‍ വളരെയധികം മുന്നിലുമാണ്.

തൊഴില്‍ സമയം കഴിഞ്ഞ് തൊഴില്‍ ശാലയില്‍ നിന്നും ലേബര്‍ ക്യാമ്പില്‍ നിന്നും പുറത്ത് പോകണമെങ്കില്‍ കാവല്‍ക്കാരുടെ അനുവാദം വേണ്ടി വരുന്നുണ്ടെങ്കില്‍ അതൊരു തൊഴില്‍ ശാലയല്ല. തീര്‍ച്ചയായും അതൊരു അതിസുരക്ഷാ ജയിലാണ്. അവിടെ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ കഴിയുന്നത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേയ്ക്കായിരിക്കും.

ക്രിസ്തു ജനിച്ച ദിവസം അവര്‍ ആഘോഷിച്ചു. മദ്യവും മയക്കു മരുന്നും ഒരുപക്ഷേ അവരെ ഉന്മാദത്തിലെത്തിച്ചിരിക്കും. മഹാഭൂരിപക്ഷവും അതിനു വിധേയരുമായിട്ടുണ്ടാകില്ല. ഒരു ചെറു ന്യൂനപക്ഷം മാത്രമായിരിക്കും. അതിന് മലയാളി വംശീയ വാദം ഉത്തരവുമല്ല. യാഥാര്‍ത്ഥ കുറ്റവാളികള്‍ ഭരണകൂടവും കോര്‍പ്പറേറ്റ് മുതലാളിത്തവുമാണ്. 

Full View

Tags:    

Similar News