കിറ്റക്‌സില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി; സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍

കിറ്റക്‌സിലെ ക്യാപുകളിലായിരുന്നു ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.ക്യാംപുകളിലെയും തൊഴിലിടത്തിലെയും തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സംഘം വിലയിരുത്തി

Update: 2021-12-29 11:30 GMT

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ കിറ്റക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസിനെതിരേ ആക്രമണം അഴിച്ചുവിടുകയും പോലിസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കിറ്റക്‌സില്‍ പരിശോധന നടത്തി.കിറ്റക്‌സിലെ ക്യാപുകളിലായിരുന്നു ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

ക്യാംപുകളിലെയും തൊഴിലിടത്തിലെയും തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സംഘം വിലയിരുത്തി.തൊഴിലാളികളില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു.ഓഫിസിലെത്തിയും സംഘം രേഖകള്‍ അടക്കം പരിശോധിച്ചു.പരിശോധന സംബന്ധിച്ച റിപോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ കൈമാറുമെന്ന് തൊഴില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.രേഖകള്‍ പരിശോധിച്ചതായും തൊഴിലാളികളില്‍ നിന്നും മൊഴിയെടുത്തതായും തൊഴില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.പൊതുവായ കാര്യങ്ങളാണ് പരിശോധിച്ചത്.സംഘര്‍ഷം സംബന്ധിച്ച് പോലിസ് അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേ സമയം ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ കിറ്റക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസിനെതിരേ ആക്രമണം അഴിച്ചുവിടുകയും പോലിസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളുടെയടക്കം മൊഴി രേഖപ്പെടുത്തല്‍ നടന്നുവരികയാണ്.അക്രമം നടന്ന സ്ഥലത്ത് അന്വേഷണ സംഘം എത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ 164 പേരെയാണ് പോലിസ് അറസ്റ്റു ചെയ്തരിക്കുന്നത്.

Tags:    

Similar News