'വാഴ വയ്‌ക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍'; എകെജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിച്ച് കെ കെ രമ നിയമസഭയില്‍
തിരുവനന്തപുരം: സിപിഎം ആസ്ഥാനമന്ദിരമായ എകെജെി സെന്റര്‍ ആക്രമണത്തില്‍ സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി ആര്‍എംപിഐ നേതാവ് കെ കെ രമ. നിയമസഭയില്‍ എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുത്തുകൊണ്ടാണ് കെ കെ രമയുടെ പരാമര്‍ശം.
എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്നും പ്രതികളെ പിടികൂടുമെന്ന് താന്‍ കരുതുന്നില്ലെന്നും അതിന്റെ കപ്പിത്താന്‍ ആരാണെന്നേ അറിയാനുള്ളൂവെന്നും അവര്‍ പറഞ്ഞു. സിപിഎം പ്രതിസന്ധിയിലായപ്പോഴൊക്കെ ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണം- രമ ആവശ്യപ്പെട്ടു.
തന്റെ പ്രദേശത്തും തന്റെ പാര്‍ട്ടി ആസ്ഥാനത്തിനുമെതിരേ സിപിഎം നേതൃത്വം നല്‍കിയ ആക്രമണങ്ങള്‍ രമ അക്കമിട്ടുനിരത്തി. ഒന്നില്‍പ്പോലും പ്രതികളെ പിടികൂടാനായില്ല. 14 വര്‍ഷമായി പ്രതികളെ പിടികൂടാത്ത കേസുകള്‍ പോലുമുണ്ടെന്നും രമ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി ഓഫിസുകള്‍ ആക്രമിച്ച് തങ്ങളെ കുലംകുത്തികളെന്ന് ആക്ഷേപിച്ചത് അന്നത്തെ സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്നും അവര്‍ പറഞ്ഞു.
എസ്എഫ്‌ഐക്കാര്‍ വാഴ വയ്‌ക്കേണ്ടത് രാഹുല്‍ഗാന്ധിയുടെയല്ല ആഭ്യന്തര മന്ത്രിയുടെ കസേരയിലാണെന്നും അവര്‍ പരിഹസിച്ചു.
പ്രതിപക്ഷം കയ്യടിച്ച് രമയുടെ നിലപാടുകളെ ശരിവച്ചു.