ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ ഹരജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും മാറ്റിപ്പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇവ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കോഴ നല്‍കിയെന്ന് സ്‌കൂള്‍ മാനേജര്‍ ആദ്യം മൊഴി നല്‍കിയെന്നും പിന്നീട് പിന്‍വലിച്ചുവെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഷാജിയുടെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലവും നല്‍കി.
2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. രാഷ്ട്രീയ ഭാവി തകര്‍ക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലന്‍സ് കേസെടുത്തതെന്നാണ് കെ എം ഷാജിയുടെ വാദം.