കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ തള്ളി സുപ്രിം കോടതി

Update: 2024-11-26 06:41 GMT

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി സുപ്രിം കോടതി.കോഴക്കേസ് ഹൈക്കോടതി തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഷാജിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുമ്പോള്‍ അത് പൂര്‍ത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം.

കഴിഞ്ഞതവണ ഹരജി പരിഗണിച്ച സുപ്രിംകോടതി കേസിലെ മൊഴികളും മാറ്റിപ്പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇവ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കോഴ നല്‍കിയെന്ന് സ്‌കൂള്‍ മാനേജര്‍ ആദ്യം മൊഴി നല്‍കിയെന്നും പിന്നീട് പിന്‍വലിച്ചുവെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഷാജിയുടെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലവും നല്‍കി.

2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രാഷ്ട്രീയ ഭാവി തകര്‍ക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലന്‍സ് കേസെടുത്തതെന്നാണ് കെ എം ഷാജിയുടെ വാദം.






Tags:    

Similar News