പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു
അങ്കമാലി പോലിസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് സിപ്‌സി
കൊച്ചി: ഹോട്ടല്‍മുറിയില്‍ പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു.കുഞ്ഞിന്റെ മുത്തശ്ശി പാറക്കടവ് സ്വദേശിനി സിപ്‌സി(50) ആണ് മരിച്ചത്.ഹൃദയാഘാതമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. സംഭവത്തില്‍ അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പോലിസ് അറിയിച്ചു.
പേരക്കുട്ടിയായ ഒന്നര വയസുകാരി നോറയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് സിപ്‌സി. ഇവര്‍ ഒന്നാം പ്രതിയും സുഹൃത്തുമായ ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ചയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഇവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേരളത്തെ ഞെട്ടിച്ച നോറയുടെ കൊലപാതകം.അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റെയും ഡിക്‌സിയുടേയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പോലിസ് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി.
ദമ്പതിമാരാണെന്നു പറഞ്ഞ് കുഞ്ഞിന്റെ മുത്തശ്ശി സിപ്‌സിയും ജോണ്‍ ബിനോയ് ഡിക്രൂസും മുറിയെടുക്കുകയായിരുന്നു.സിപ്‌സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്‌സിയുടെ മകന്റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്.
കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു.ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു സിപ്‌സി ഉയര്‍ത്തിയ ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്.കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു.അങ്കമാലി പോലിസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് സിപ്‌സി.