കൊടകര കള്ളപ്പണക്കേസ്; മൂന്നര കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രം

Update: 2021-07-22 16:53 GMT

തൃശൂര്‍: കൊടകര കള്ളപ്പണ കവര്‍ച്ചാകേസിലെ മൂന്നര കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രം. അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും. ഇരിങ്ങാലക്കുട കോടതിയിലാണ് നാളെ കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ 22 പ്രതികളാണ് ഉള്ളത്. മൂന്നര കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളായി രേഖപ്പെടുത്തിയിട്ടില്ല. ഈ മാസം 26 ന് പ്രതികളെ പിടികൂടിയിട്ട് തൊണ്ണൂറ് ദിവസം തികയുകയാണ്. അതിനാല്‍, അതിന് മുമ്പ് തന്നെ അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്.


ഏപ്രില്‍ മൂന്നിന് പുലര്‍ച്ചയാണ് കൊടകരയില്‍ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബിജെപി തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലുള്ളത്.  25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവര്‍ പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ഫണ്ടിന് കോടികള്‍ രേഖയില്‍പെടുത്താതെ കുഴല്‍പ്പണമായി എത്തിച്ചതാണെന്ന് വ്യക്തമായിട്ടും ബിജെപി സംസ്ഥാന നേതാക്കളെയൊന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.




Tags:    

Similar News