കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ക്ലീന്‍ചിറ്റ്; ഇഡി സംഘപരിവാര്‍ ദാസ്യം നടത്തുന്നു: പി ആര്‍ സിയാദ്

Update: 2025-04-03 14:42 GMT

കൊച്ചി: രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇഡി ഒരുഭാഗത്ത് പ്രതിപക്ഷ കക്ഷികളെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുമ്പോള്‍, കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് സംഘപരിവാര്‍ ദാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ ഡി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിട്ടുപോലും ബിജെപി നേതാക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം തയ്യാറാക്കിയ ചലച്ചിത്ര തിരക്കഥയ്ക്കു സമാനമായ കുറ്റപത്രമാണ് ഇഡി കോടതിയില്‍ ഹാജരാക്കിയത്. പോലിസ് അന്വേഷണത്തിലൂടെ തയ്യാറാക്കിയ കുറ്റപത്രത്തിനു നേര്‍വിപരീതമായാണ് ഇഡി കുറ്റപത്രം. 2021 ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കൊണ്ടുവന്ന ഹവാല പണമാണിതെന്ന് വ്യക്തമായിട്ടു പോലും ബിജെപി എന്ന പേരു പോലും പരാമര്‍ശിക്കാന്‍ ഇഡി തയ്യാറായില്ല. ധര്‍മരാജന്റെയും ബിജെപി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തൃശൂര്‍ സതീശന്റെ മൊഴിയും ഇഡി പരാമര്‍ശിച്ചിട്ടു പോലുമില്ല.


 ബിജെപി നേതാക്കള്‍ പോലും ഇതു തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കാര്യം നിഷേധിച്ചിട്ടില്ല. പക്ഷേ ആ ബോധ്യം ഇഡിയ്ക്ക് ഇല്ലാത്തത് ഖേദകരമാണ്. പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും തുറുങ്കിലടയ്ക്കാന്‍ നുണക്കഥകള്‍ മെനയുന്ന ഇഡി ഇവിടെയും വ്യാജ കഥകളുണ്ടാക്കി. അത് കുറ്റാരോപിതരായ ബിജെപി നേതാക്കളെ സംരക്ഷിക്കാനായിരുന്നു എന്നു മാത്രം. ആലപ്പുഴയിലെ ട്രാവന്‍കൂര്‍ പാലസ് എന്ന ഭൂമി കച്ചവടത്തിന് കൊണ്ടുവന്നതാണെന്ന ഒരു കഥയാണ് ഇഡി മെനഞ്ഞുണ്ടാക്കിയത്. സ്ഥലത്തിന്റെ ഉടമയായ തുഷാര്‍ വെള്ളാപ്പള്ളി പോലും ഈ കഥ അറിഞ്ഞിട്ടില്ല. പണത്തിന്റെ ഉറവിടം പോലും ഇഡിക്ക് അറിയേണ്ട. കൊടകര കേസില്‍ ബിജെപി നേതാക്കളെ സംരക്ഷിക്കാന്‍ ഇ ഡി നടത്തിയ നാടകം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ച് ചുവടുവെക്കുന്ന ഇഡിയുടെ നടപടികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്തുമെന്നും പി ആര്‍ സിയാദ് കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് അധ്യക്ഷ വഹിച്ചു. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങളായ വികെ ഷൗക്കത്തലി, വിഎം ഫൈസല്‍, നിമ്മി നൗഷാദ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീര്‍ എലൂക്കര, ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ മണ്ഡലം പ്രസിഡന്റ് ഫതഹുദ്ദീന്‍ ചേരാനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ്, ജില്ലാ സെക്രട്ടറിമാരായ, എന്‍ കെ നൗഷാദ്, നാസര്‍ എളമന, ജില്ലാ ട്രഷറര്‍ ടി എം മൂസാ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എം മുഹമ്മദ് ഷമീര്‍, അറഫാ മുത്തലിബ്, സിറാജ് കോയ, ജില്ലാ കമ്മറ്റി അംഗങ്ങളായ സി എസ് ഷാനവാസ്, കബീര്‍ കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Tags:    

Similar News