കോലഞ്ചേരി: പ്രസവിച്ച കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവാണിയൂര്‍ പഴുക്കാമറ്റം വീട്ടില്‍ ശാലിനി (40) നാണ് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ പരിഗണിക്കുന്ന കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. 2021 ജൂണ്‍ ഒന്നിന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ശാലിനി. ഇതിനിടെ ഗര്‍ഭിണിയായ ശാലിനി പ്രസവിച്ച ശേഷം കുഞ്ഞിനെ ഷര്‍ട്ടില്‍ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയില്‍ എറിയുകയായിരുന്നു. പ്രസവശേഷം വീട്ടില്‍ അവശ നിലയിലായ ശാലിനിയോട് നാട്ടുകാര്‍ ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടും പോകാതിരുന്നതിനെ തുടര്‍ന്ന് പുത്തന്‍കുരിശ് പോലിസെത്തി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
യുവതി കുട്ടിയെ പ്രസവിച്ച ശേഷം ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കിയാണ് അന്നത്തെ ഇന്‍സ്‌പെക്ടറായ യു രാജീവ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍മാരായ മഞ്ജുദാസ്, ടി ദിലീഷ്, എസ് ഐമാരായ സനീഷ്, ശശിധരന്‍, പ്രവീണ്‍ കുമാര്‍, സുരേഷ് കുമാര്‍, ജോയി, മനോജ് കുമാര്‍ സീനിയര്‍ സിപിഒ മാരായ ബി ചന്ദ്രബോസ്, യോഹന്നാന്‍ എബ്രഹാം, മിനി അഗസ്റ്റില്‍, സുജാത, മേഘ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കേസില്‍ 23 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പിഎ ബിന്ദു ഹാജരായി.