കൊല്‍ക്കത്ത ബലാല്‍സംഗക്കൊല; രണ്ടാംഘട്ട ചര്‍ച്ചയും അലസി, സമരം തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാവാതെ വന്നതാണ് വീണ്ടും സമരം തുടരാന്‍ കാരണം
കൊല്‍ക്കത്ത: കൊല്‍ക്കത്ത ബലാല്‍സംഗക്കൊലപാതക കേസില്‍ സമരം തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാവാതെ വന്നതാണ് വീണ്ടും സമരം തുടരാന്‍ കാരണം. തങ്ങളുടെ ആവശ്യങ്ങളില്‍ വാക്കാലുള്ള ഉറപ്പ് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു
ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. ''സര്‍ക്കാരിന്റെ വാക്കാലുള്ള പ്രതിബദ്ധതകളെ ഞങ്ങള്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ ആവശ്യങ്ങള്‍ ഔപചാരികമായി അംഗീകരിക്കുന്ന ഒരു രേഖാമൂലമുള്ള നിര്‍ദേശത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതുവരെ നിലവിലെ നടപടി തുടരും' ഞങ്ങള്‍ക്ക് യോഗത്തിന്റെ വീഡിയോ സ്ട്രീമിങ് ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ സുഹൃത്തുക്കളില്‍ പലരും രാപകല്‍ പ്രതിഷേധിക്കുകയും റോഡിലിറങ്ങുകയും ചെയ്യുന്നു. അവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ അവരുടെ വാക്കാലുള്ള ഉറപ്പ് ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അത് നടന്നില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് സമയമെടുക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, എന്നാല്‍ യോഗത്തിന്റെ മിനുറ്റ്‌സില്‍ വാക്കാലുള്ള ഉറപ്പ് ഉള്‍പ്പെടുത്താന്‍ അവര്‍ അനുവദിക്കേണ്ടതായിരുന്നു. യോഗത്തിന്റെ അവസാനത്തില്‍ ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഞങ്ങള്‍ പ്രതിഷേധം തുടരും,'' ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധി സംഘത്തിലെ അംഗം ദേബാശിഷ് ഹല്‍ദാര്‍ പറഞ്ഞു.
സമരക്കാരുടെ ആവശ്യപ്രകാരം കൊല്‍ക്കത്ത പോലിസ് കമ്മിഷണര്‍ വിനീത് ഗോയലിനെയും ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ ആവശ്യപ്പെട്ട നടപടികളില്‍ ഉത്തരം കിട്ടുന്നതുവരെ സമരം തുടരുമെന്ന നിലപാടിലായിരുന്നു ഡോക്ടര്‍മാര്‍. ഇതിനിടെയാണ് പുതിയ ചര്‍ച്ച നടത്തിയത്.കൂടുതല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുക, സംസ്ഥാന ആരോഗ്യസെക്രട്ടറിയുടെ രാജി, ആശുപത്രികളിലെ സുരക്ഷ എന്നിവ തങ്ങളുടെ ആവശ്യങ്ങളായിരുന്നുവെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്. തങ്ങളുന്നയിച്ച എല്ലാ ആവശ്യങ്ങളിലും തീരുമാനമെടുക്കും വരെ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടിണ്ട്.