പര്‍ദ്ദ വിപണിയില്‍ 'കൊറിയന്‍ നിദ' വീണ്ടും തരംഗമാകുന്നു
കൊറിയന്‍ നിദ മെറ്റീരിയലുകളില്‍ ഗൗണ്‍ പോലെ തുന്നിയെടുക്കുന്ന പര്‍ദ്ദകളില്‍ കൈയ്യിലും താഴ്ഭാഗത്തും കഴുത്തിന് താഴേയും വിവിധ രീതിയില്‍ ഫ്രില്‍സ് വച്ചുപിടിപ്പിക്കുന്നതോ തുണിയുടെ നിറത്തിനനുസരിച്ചുള്ള മുത്തുകളോ പ്രത്യേക രീതിയിലുള്ള കല്ലുകള്‍ പതിപ്പിക്കുന്നതോ എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്‌തെടുക്കുന്നതോ ആണ് രീതി
നജ്‌ല മറിയം
മുസ്‌ലിം സ്ത്രീകളുടെ ഫാഷന്‍ ചിന്തകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് പര്‍ദ്ദ. കഴുത്ത് തൊട്ട് കാലറ്റം മൂടുന്ന പര്‍ദ്ദകളിലെ മാറ്റങ്ങള്‍ സമൂഹത്തിന്റെ ഇഷ്ട വിഷയമാണ്. കറുപ്പില്‍ നിന്നും നിറങ്ങളിലേക്കും പിന്നെ വേറിട്ട ആകൃതിയിലേക്കും രൂപങ്ങളിലേക്കും കുതറിക്കൊണ്ടിരിക്കുകയാണ് പര്‍ദ്ദ. വളരെ വേഗത്തിലാണ് പര്‍ദ്ദകളിലെ ഫാഷനുകള്‍ മാറുന്നത്.
പല വിധത്തിലുള്ള തുണികള്‍ കൊണ്ട് പര്‍ദ്ദ തുന്നിയെടുക്കുന്നുണ്ടെങ്കിലും നിലവില്‍ ഇടക്കാലത്ത് പിന്‍വലിഞ്ഞ കൊറിയന്‍ നിദ മെറ്റീരിയലുകള്‍ പര്‍ദ്ദകളില്‍ വീണ്ടും റാണിയാവുകയാണ്. പുഴപോലെ താഴോട്ടേക്ക് അലസമായി വീഴുന്ന മിനുസമുള്ള തുണികളാണിത്. ചൂടുകാലത്തെ അതിജീവിക്കാന്‍ ഇത്തരം തുണികള്‍ക്ക് സാധിക്കുന്നു എന്നതും നിദ മെറ്റീരിയലുകളിലേക്ക് തിരികെ പോകാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു. നൂറു ശതമാനം പൊളിയസ്റ്റര്‍ നിര്‍മിതമാണിത്. ഇടക്കിടെ ചുളിവുകള്‍ വീഴാത്തത് കാരണം ഇസ്തിരിയുടെ ആവശ്യം വരുന്നില്ല എന്നതും ഇതിന്റെ മറ്റൊരു ആകര്‍ഷണമാണ്. ഇവയില്‍ തന്നെ ലൈറ്റ് വെയിറ്റ് മെറ്റീരിയലുകളാണ് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരം.
കൊറിയന്‍ നിദ മെറ്റീരിയലുകളില്‍ ഗൗണ്‍ പോലെ തുന്നിയെടുക്കുന്ന പര്‍ദ്ദകളില്‍ കൈയ്യിലും താഴ്ഭാഗത്തും കഴുത്തിന് താഴേയും വിവിധ രീതിയില്‍ ഫ്രില്‍സ് വച്ചുപിടിപ്പിക്കുന്നതോ തുണിയുടെ നിറത്തിനനുസരിച്ചുള്ള മുത്തുകളോ പ്രത്യേക രീതിയിലുള്ള കല്ലുകള്‍ പതിപ്പിക്കുന്നതോ എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്‌തെടുക്കുന്നതോ ആണ് രീതി. എന്നാല്‍ കൂടുതല്‍ പേരും ഇത്തരം വര്‍ക്കുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ പര്‍ദ്ദയില്‍ ലാളിത്യം നിലനിര്‍ത്താനും ശ്രദ്ധിക്കുന്നു. വെല്‍വെറ്റ് തുണി കൊണ്ട് നിദ മെറ്റീരിയലുകളില്‍ തുന്നിയെടുക്കുന്ന പര്‍ദ്ദകള്‍ അലങ്കരിക്കുക എന്നതും കണ്ടുവരുന്നു. ചെയിന്‍ വച്ചു പിടിപ്പിച്ചുളള പര്‍ദ്ദകള്‍ പുതു രീതിയാണ്. മാര്‍ക്കറ്റില്‍ ഇതിന് ആരാധകര്‍ ഒരുപാടും.
പര്‍ദ്ദകളോടൊപ്പം തന്നെ ഹിജാബുകള്‍ ലഭ്യമാണെങ്കിലും നിറത്തിനും മെറ്റീരിയലിനും ഇണങ്ങുന്ന വിധത്തിലുള്ള റെഡിമെയ്ഡ് ഹിജാബുകള്‍ തെരെഞ്ഞെടുക്കുന്നതാണ് നിലവിലെ ട്രെന്‍ഡ്. തെരെഞ്ഞെടുത്ത പര്‍ദ്ദയുടെ നിറത്തിനോട് ഇഴകിച്ചേരുന്ന മറ്റു നിറങ്ങളിലുള്ള ഹിജാബുകളായിരിക്കും അവ. പര്‍ദ്ദയുടെ നിറത്തിലുമുണ്ട് ചില കാര്യങ്ങള്‍. ഇളം പിങ്ക്, മെറൂണ്‍, പച്ച, കടും നീല, ചുവപ്പ്, കാപ്പി, ആകാശ നീല തുടങ്ങിയ നിറങ്ങളാണ് പര്‍ദ്ദ വിപണിയിലെ നിലവിലെ റാണിമാര്‍.
കൊറിയന്‍ നിദ മെറ്റീരിയലുകളില്‍ തന്നെ ഗുണത്തില്‍ വിലയ്ക്കനുസരിച്ച് കൂടിയതും കുറഞ്ഞതും വിപണിയിലുണ്ട്. 2000 മുതല്‍ ലക്ഷങ്ങള്‍ വരെ വില വരുന്ന പര്‍ദ്ദകള്‍ വിപണിയില്‍ ലഭ്യമാണ്. നിദ മെറ്റീരിയലിലെ ഗുണനിലവാരത്തിന് അനുസരിച്ചും ഇറക്കുമതി ചെയ്യുന്ന രീതിക്കനുസരിച്ചുമാണ് വിലയില്‍ വ്യത്യാസം വരുന്നത്. കൂടാതെ ഇത്തരം പര്‍ദ്ദകള്‍ക്ക് മുകളില്‍ ചെയ്‌തെടുക്കുന്ന ഡിസൈനുകളും വിലയിലെ മാറ്റത്തില്‍ പങ്കുവഹിക്കുന്നു. ക്വാലിറ്റി കുറഞ്ഞ മെറ്റീരിയലുകള്‍ പെട്ടെന്ന് ചുളുങ്ങുന്നതായി കാണാം. എന്തായാലും കറുത്ത നിറത്തില്‍ തുടങ്ങിയ പര്‍ദ്ദ കൂടുതല്‍ സുന്ദരയായി മാറുകയാണ്. ഇന്നത് പല വര്‍ണ്ണങ്ങളിലും മനസ്സിനിണങ്ങുന്ന ഡിസൈനുകളുമായി പുതിയ സൗന്ദര്യ സങ്കല്‍പ്പങ്ങളിലൂടെ യാത്ര തുടരുകയാണ്.