കോട്ടയം ജില്ലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; തീക്കോയിയിലാണ് ഉരുള്‍പൊട്ടിയത്, ആളപായമില്ല
കോട്ടയം: ജില്ലയില്‍ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയ്ക്ക് ഇനിയും ശമനമില്ല. പലയിടത്തും ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുകയാണ്. കൂട്ടിക്കല്‍ ചപ്പാത്തും മുണ്ടക്കയം കോസ് വേയും വെള്ളത്തില്‍ മുങ്ങി. കൂട്ടിക്കല്‍ ചപ്പാത്തില്‍നിന്ന് ഒരാള്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു. മൂന്നിലവിലും കൂട്ടിക്കലിലും ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് ആറുകളില്‍ ജലനിരപ്പുയര്‍ന്നു. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകുകയാണ്. രാത്രിയോടെ ജില്ലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. തീക്കോയി മംഗളഗിരി മാര്‍മല അരുവി റോഡില്‍ എസ്‌റ്റേറ്റ് ഭാഗത്താണ് ഉരുള്‍പൊട്ടിയത്.
ആളപായമില്ല. മാര്‍മല റോഡ് തകര്‍ന്നു. മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മഴ തുടരുകയാണ്. ജനവാസമേഖലയല്ലാത്തതിനാലാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാവാതിരുന്നത്. തീക്കോയി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ഇക്കാര്യം അറിയിക്കുകയായിരുന്നു. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍, പ്രത്യേകിച്ച് മൂന്നിലവ്, തലനാട് പ്രദേശങ്ങളിലും മുണ്ടക്കയം ഭാഗങ്ങളിലും കനത്ത മഴയാണുണ്ടാവുന്നത്. രാത്രിയോടെ ഈരാറ്റുപേട്ട ടൗണ്‍ വെള്ളത്തിലായി. ഈരാറ്റുപേട്ട നഗരത്തില്‍ കടുവാമൂഴി ബസ് സ്റ്റാന്റ് പൂര്‍ണമായും മുങ്ങി.
താഴ്ന്ന വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലാണ്. റോഡ് പൂര്‍ണമായും തോടായ അവസ്ഥയാണ്. ഗതാഗതവും നിലച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വൈക്കം തലയാഴം വാര്‍ഡ് 13 ല്‍ ശ്രീകുരുബ ക്ഷേത്രത്തിന് തെക്ക് ഭാഗത്തുനിന്നും വേമ്പനാട്ട് കായലില്‍ മല്‍സ്യബന്ധനത്തിന് പോയിരുന്ന ജനാര്‍ദ്ദന്‍ പുതുശ്ശേരി, പ്രദീപന്‍ തുളസിത്തറ എന്നിവരെ കാണാനില്ലെന്ന് പരാതി ലഭിച്ചു.
ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ കാണാനില്ലെന്ന വിവരമാണ് വൈക്കം താലൂക്ക് ഓഫിസില്‍ നിന്നും ലഭിച്ചത്. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ുണ്ടെന്നാണ് മുന്നറിയിപ്പ്.