കോഴിക്കോട് കൂട്ടബലാത്സംഗം;ലോഡ്ജ് സീല്‍ ചെയ്തു, എത്തിയിരുന്നവരില്‍ വിദ്യാര്‍ഥിനികളും യുവതികളും
കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ലോഡ്ജ് പോലിസ് സീല്‍ ചെയ്തു. ലോഡ്ജിലേക്ക് വിദ്യാര്‍ഥിനികളും യുവതികളും എത്തിയിരുന്നതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ലെഡ്ജര്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും വ്യക്തമായെന്ന് പോലിസ് പറഞ്ഞു.
ബലാത്സംഗക്കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശവാസികളില്‍ നിന്നടക്കം പീഡനം നടന്ന ലോഡ്ജിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് ലോഡ്ജ് അടച്ചുപൂട്ടിയത്. ഇന്ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.
ഒളിവില്‍ കഴിയുകയായിരുന്ന ലിജാസിനെയും ഷുഹൈബിനെയും തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് രാവിലെ പൊലീസ് പിടികൂടിയത്. ഒന്നും രണ്ടും പ്രതികളായ അജ്‌നാസും ഫഹദും ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ ഇതുവരെ കേസില്‍ പ്രതിചേര്‍ത്ത നാലുപേരും അറസ്റ്റിലായി. പ്രതികളെല്ലാം അത്തോളി സ്വദേശികളാണ്.