കോഴിക്കോട് മെഡി. കോളജിനെതിരായ സംഘപരിവാര പ്രചാരണത്തിനെതിരേ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍
കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ഖാന്‍ കഴിഞ്ഞവര്‍ഷം മെയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തതിനെ രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്ന സംഘപരിവാര നീക്കത്തെ തിരിച്ചറിയണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച ചടങ്ങ് സംബന്ധിച്ച് ബിജെപി അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ കോളജ് വികസന സമിതിയുടെ നിലപാട് വിവാദത്തിലായിരുന്നു. കോളജ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന അക്കാദമിക പരിപാടിയെ ദേശദ്രോഹമായി ചിത്രീകരിക്കാനും അതിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനുമാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. കാമ്പസിലെ മുസ്‌ലിം വിദ്യാര്‍ഥികളെ കുറിച്ചും പരിപാടിയില്‍ കേള്‍വിക്കാരനായെത്തിയ ഡോക്ടറെ ലക്ഷ്യംവച്ചുമാണ് കോളജില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് സംഘപരിവാര മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ വിഷയത്തിലെ സംഘപരിവാറിന്റെ വര്‍ഗീയ അജണ്ട തിരിച്ചറിയണമെന്നും കേരളത്തിലെ പ്രബുദ്ധ സമൂഹം ഇതിനെതിരേ ശക്തമായി രംഗത്ത് വരണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ഹൈദരലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കെപിഎ മജീദ്( മുസ്‌ലിംലീഗ്), മജീദ് ഫൈസി (എസ്ഡിപിഐ), ഒ അബുദറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി),ഹുസൈന്‍ മടവൂര്‍ (കെഎന്‍എം), ഗ്രോ വാസു, കെഇഎന്‍ കുഞ്ഞഹമ്മദ്, അഡ്വ. പി എ പൗരന്‍, ഡോ. കെ മൊയ്തു, കെ പി ശശി, ഗോപാല്‍ മേനോന്‍, പി കെ പോക്കര്‍, അനൂപ് വി ആര്‍, കെ കെ ബാബുരാജ്,ടി ടി ശ്രീകുമാര്‍, കെ കെ കൊച്ച്, മൃദുല ഭവാനി, മുനവറലി ശിഹാബ് തങ്ങള്‍(യൂത്ത്‌ലീഗ്) എ പി അബ്ദുല്‍ വഹാബ് (ഐഎന്‍എല്‍) ടി സിദ്ദീഖ് (ഡിസിസി) ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി) പി എം സ്വാലിഹ് (സോളിഡാരിറ്റി), വര്‍ഷ ബഷീര്‍, മിസ്അബ് കീഴരിയൂര്‍(എംഎസ്എഫ്) എസ് ഇര്‍ഷാദ് (ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), സാലിഹ് കോട്ടപ്പള്ളി (എസ്‌ഐഒ) ഫാസില്‍ ആലുക്കല്‍ (എംഎസ്എം) അഫീദ അഹ്മദ് (ജിഐഒ) മുഫീദ തസ്‌നി (ഹരിത) എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു.