കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു; മരണ വിവരം മറച്ചു വെച്ചതായി ബന്ധുക്കള്‍
കോഴിക്കോട് പെരുവയല്‍ സ്വദേശി സുനില്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. കോഴിക്കോട് പെരുവയല്‍ സ്വദേശി സുനില്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നത്. എലിപ്പനിയുടെ ലക്ഷണങ്ങളുമായി എത്തിയ സുനില്‍ കുമാറിന് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ ലഭിച്ചില്ലെന്നും അധികൃതര്‍ മരണ വിവരം മറച്ചുവെച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു.ഏപ്രില്‍ 22നാണ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ബന്ധുക്കളുടേതുള്‍പ്പെടെ 5 പേരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയതിന് ശേഷം ഭാര്യ നിഷയെ വീട്ടിലേക്ക് മടക്കി അയച്ചു.
രോഗ വിവരങ്ങള്‍ അറിയാന്‍ ആശുപത്രിയുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിട്ടും കൃത്യമായ വിവരം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അഡ്മിറ്റ് ചെയ്തു രണ്ടു ദിവസത്തിനു ശേഷം ഏപ്രില്‍ 24ന് സുനില്‍ കുമാറിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി പെരുവയല്‍ പഞ്ചായത്ത് ഓഫിസില്‍ വിവരം ലഭിച്ചു. പിന്നാലെ 25ാം തിയതി പഞ്ചായത്ത് അംഗങ്ങള്‍ ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോഴാണ് 24ാം തിയതി രാത്രി എട്ടോടെ സുനില്‍ കുമാര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ പറയുന്നത്. മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തണം എന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ എച്ച്1എന്‍1 ഫലം ലഭിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. തുടര്‍ന്ന് കലക്ടറുടെ അനുമതിയോടെയാണ് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചത്.