മാസം 5 ലക്ഷം കിട്ടുന്ന മകന്‍ എന്തിന് സ്ത്രീധനം വാങ്ങണം; യുവതിക്കെതിരേ രാഹുലിന്റെ മാതാവ്

Update: 2024-05-15 10:58 GMT

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ കഴിഞ്ഞദിവസം വരെ വീട്ടിലുണ്ടായിരുന്നതായി മാതാവിന്റെ വെളിപ്പെടുത്തല്‍. മരുമകളെ മര്‍ദിച്ചെന്നത് മകന്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ലെന്നും രാഹുലിന്റെ മാതാവ് പറഞ്ഞു. അവന്‍ കൈ കൊണ്ടാണ് മര്‍ദിച്ചത്. ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ല. ഒരിക്കലും തങ്ങള്‍ സ്ത്രീധനം ചോദിച്ചിട്ടില്ല. അന്ന് രാത്രി അവര്‍ രണ്ടുപേരും ഒരു കല്ല്യാണത്തിന് പോയി. അവിടെനിന്ന് അല്‍പം മദ്യം കഴിച്ചെന്ന് തോന്നുന്നു. അതിന് ശേഷം ബീച്ചില്‍പോയി. ബീച്ചില്‍നിന്ന് വന്ന ശേഷമാണ് ഈ പ്രശ്‌നമുണ്ടാവുന്നത്. അതിന് മുമ്പ് ഇവര്‍ തമ്മില്‍ ഒരുപ്രശ്‌നവുമുണ്ടായിട്ടില്ല. ഒരു ഫോണ്‍ വന്നതിന്റെ പേരിലാണ് പ്രശ്‌നമുണ്ടായത്. കാമുകന്റെ ഫോണ്‍കോള്‍ വന്നെന്നും അത് അവള്‍ മറച്ചുവച്ചെന്നുമാണ് മകന്‍ പറഞ്ഞിരുന്നത്. അങ്ങനെയാണ് പ്രശ്‌നമുണ്ടായതും മര്‍ദിച്ചതും. അവന്‍ കൈകൊണ്ടാണ് മര്‍ദിച്ചത്. ബെല്‍റ്റ് കൊണ്ട് അടിച്ചതായി പറഞ്ഞിട്ടില്ല. മരുമകളുടെ നെറ്റിയില്‍ ഒരു മുഴപോലെ കണ്ടിരുന്നു. അത് ചുമരിലിടിച്ചതാണെന്നാണ് പറയുന്നത്. അടിക്കാന്‍ ചെന്നപ്പോള്‍ തിരിഞ്ഞെന്നും അങ്ങനെ ചുമരിലിടിച്ചെന്നുമാണ് പറഞ്ഞത്. അവരുടെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് ഇതെല്ലാം ഞങ്ങളും അറിയുന്നത്. ഇവര്‍ തമ്മില്‍ വഴക്ക് കൂടുമെന്ന് സ്വപ്‌നത്തില്‍പോലും ഞങ്ങള്‍ക്ക് വിചാരിക്കാനാവുമായിരുന്നില്ല. അങ്ങനെ എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ അല്ലേ ശ്രദ്ധിക്കാനാവൂ. അന്ന് അവന്റെ സമനില തെറ്റിപ്പോയിരിക്കും. അന്ന് രണ്ടുപേരും മദ്യപിച്ചിരുന്നു. അവനും മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യും. മകന്‍ ഇത് രണ്ടും ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അല്ലാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. അവളുടെ ദേഹത്ത് പാട് കണ്ടപ്പോള്‍ മകനോട് ചോദിച്ചു. ഞാന്‍ ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ലെന്നാണ് അവന്‍ പറഞ്ഞത്. മര്‍ദിച്ചെന്നത് സ്‌റ്റേഷനിലും സമ്മതിച്ചിട്ടുണ്ട്. സ്ത്രീധനം ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. സ്ത്രീധനം ആരോടും ചോദിച്ചിട്ടില്ല. ഇത് അവന്റെ പേരിലുള്ള സ്വത്താണ്. ജര്‍മനിയില്‍ അവന് ജീവിക്കാനുള്ള വകയുണ്ട്. അവന്‍ അവിടത്തെ പൗരനാണ്. പിന്നെ എന്തിനാണ് അവന് കുറേ സ്ത്രീധനം? അത് തെറ്റായ ആരോപണമാണ്. കോട്ടയത്തെ വിവാഹം അവര്‍ക്ക് വേണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് ഒഴിവായത്. ആ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. അത് മരുമകള്‍ക്കും അറിയാം. ഞങ്ങള്‍ ആരെയും ചതിച്ചിട്ടില്ല, ആരെയും വഞ്ചിച്ചിട്ടുമില്ല. രണ്ടാഴ്ച കൊണ്ടാണ് ഈ കല്ല്യാണം നടത്തിയത്. അടുക്കള കാണലിനെത്തിയപ്പോള്‍ അവളുടെ ബന്ധുക്കള്‍ എന്താണ് പറ്റിയതെന്ന് എന്നോട് ചോദിച്ചു. എനിക്കൊന്നും അറിയില്ലെന്നാണ് അവരോട് പറഞ്ഞത്. അറിയാത്ത കാര്യം എങ്ങനെ പറയാനാണ്. അവളും എന്നോട് പൊതുവെ മിണ്ടാറില്ല. മര്‍ദിച്ചതിനെക്കുറിച്ചും മിണ്ടിയില്ല. ഞങ്ങളുടെ ഒരു സ്വര്‍ണനാണയവും മോതിരവും ആറുലക്ഷം രൂപയും അവളുടെ കൈയിലുണ്ട്.

    ചൊവ്വാഴ്ചയാണ് രാഹുലുമായി അവസാനമായി സംസാരിച്ചത്. ചൊവ്വാഴ്ച വരെ അവന്‍ വീട്ടിലുണ്ടായിരുന്നു. അവന്‍ എങ്ങോട്ടും പോയിട്ടില്ലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചോറുണ്ടിട്ടാണ് പോയത്. താന്‍ പുറത്തുപോവുകയാണെന്ന് പറഞ്ഞാണ് അവന്‍ വീട്ടില്‍നിന്നിറങ്ങിയത്. തിങ്കളാഴ്ച പോലിസ് വന്നു. അവന്‍ പോലിസ് സ്‌റ്റേഷനിലും പോയിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. വക്കീലിനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. പേടിച്ച് മാറിയതൊന്നുമല്ല. അവന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അവന് ബോധ്യമുണ്ട്. അന്ന് അവന്‍ ദേഷ്യത്തിന് അടിച്ചു. അത് കൊല്ലാനോ സ്ത്രീധനത്തിന്റെ പേരിലോ അല്ല. ഒരുമാസം അഞ്ച് ലക്ഷം രൂപ ശമ്പളം കിട്ടുന്ന മകന്‍ എന്തിന് സ്ത്രീധനം വാങ്ങി കല്ല്യാണം കഴിക്കണം'' രാഹുലിന്റെ മാതാവ് പറഞ്ഞു.

Tags:    

Similar News