വിഎം സുധീരനെ നേരില്‍ കാണും; രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും കെ സുധാകരന്‍
തിരുവനന്തപുരം: വിഎം സുധീരനോട് ഏത് സാഹചര്യത്തിലായാലും രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിഎം സുധീരനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുധീരനെ നേരിട്ട് കാണാന്‍ ശ്രമിക്കുകയാണ്. ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ വിശദീകരിച്ചു.
പുനസംഘടനയുമായി ബന്ധപ്പെട്ട് ഒരു പട്ടികയും ആരുടേയും കെയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. യോഗ്യതക്കനുസരിച്ച് അധ്യക്ഷന്മാരെ നിയമിക്കും. പ്രശ്‌നങ്ങളോര്‍ത്ത് നിങ്ങള്‍ ബേജാറാവണ്ട. ഞങ്ങളത് അത് തീര്‍ത്തോളും. എന്ത് പ്രശ്‌നമുണ്ടെന്നും പരിഹരിച്ച് തീര്‍ക്കും. ശക്തമായി ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ചുള്ള കത്ത് സുധീരന്‍ കെപിസിസിക്ക് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടാണ് വി എം സുധീരനുള്ളത്. പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്ന ആക്ഷേപം നിരന്തരം അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.