സന്ദീപ് വാരിയരെ കെപിസിസി വക്താവാക്കി കോണ്‍ഗ്രസ്

Update: 2025-01-27 07:51 GMT
സന്ദീപ് വാരിയരെ കെപിസിസി വക്താവാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയരെ കെപിസിസി വക്താവാക്കി കോണ്‍ഗ്രസ് നേതൃത്വം. ആദ്യഘട്ടമെന്ന നിലയില്‍ വക്താവാക്കുകയാണ്. പിന്നീട് പുനഃസംഘടനയില്‍ സന്ദീപിനു വേറെ സ്ഥാനങ്ങള്‍ നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.

കെപിസിസി പുനഃസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നതെന്നാണ് സൂചനകള്‍.

നവംബര്‍ 16 നായിരുന്നു സന്ദീപ് വാരിയരുടെ കോണ്‍ഗ്രസ് പ്രവേശം. ബിജെപിയുമായി ഇടഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവേശം. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ ബിജെപിയുടെ വക്താവ് സ്ഥാനത്തുനിന്നടക്കമുള്ള ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്.

ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു. പരാതിയും പ്രശ്‌നങ്ങളും പരിഹരിക്കാതെ വന്നതോടെയായിരുന്നു ബിജെപി വിടാന്‍ സന്ദീപ് വാരിയര്‍ തീരുമാനമെടുത്തത്.

Tags:    

Similar News