കെടിയു താല്‍ക്കാലിക വിസി: ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Update: 2022-11-30 01:00 GMT

കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വിസിയായി ഡോ. സിസാ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിധിക്കെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡോ. സിസ തോമസിന് യുജിസി നിഷ്‌കര്‍ഷിച്ച യോഗ്യതകളുണ്ടെന്നും ഇക്കാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

നിയമനത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്. പുതിയ വിസിയെ കഴിയുമെങ്കില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിയമിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലേക്ക് തങ്ങളുടെ നോമിനികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയോഗിക്കുമെന്ന് ഗവര്‍ണറും യുജിസിയും വ്യക്തമാക്കി. എത്രയും വേഗം വിസിയെ നിയമിച്ചാല്‍ താല്‍ക്കാലിക വിസിയുടെ കാലാവധി കഴിയുമെന്നും സര്‍ക്കാരിന് അതാവും അഭികാമ്യമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Tags:    

Similar News