മലബാര്‍ സമരനായകരുടെ പേര് ഐസിഎച്ച്ആര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് അപലപനീയമെന്ന് കുരുവമ്പലം വാഗണ്‍ ട്രാജഡി സ്മാരക സമിതി
പെരിന്തല്‍മണ്ണ: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ് ലിയാര്‍ ഉള്‍പ്പെടെ ബ്രിട്ടീഷുകാര്‍ക്കെതിരായ മലബാര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 387 പേരെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര നായകരുടെ നിഘണ്ടുവില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കുരുവമ്പലം വാഗണ്‍ ട്രാജഡി സ്മാരക സമിതി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവും രാഷ്ട്രത്തിന്റെ ചരിത്രവും തിരുത്തി എഴുതാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളുടെ പേരുകള്‍ മുസ്‌ലിം നാമങ്ങളോട് സാമ്യതയുള്ള കാരണത്താല്‍ മാത്രം മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പലതും ഇതിനകം മാറ്റംവരുത്തിക്കഴിഞ്ഞു. ഇന്ത്യ ഗവണ്‍മെന്റ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 1921 ലെ മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സ്വാതന്ത്ര്യ സമരങ്ങളുടെ പട്ടികയില്‍ നിന്നുതന്നെ മലബാര്‍ സമരങ്ങളെ നീക്കം ചെയ്യാന്‍ തീരുമാനിക്കുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പോരാടി ഗുഡ്‌സ് വാഗണില്‍ കിടന്ന് ശ്വാസം നിലച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത വാഗണ്‍ ട്രാജഡി രക്തസാക്ഷികള്‍ ഉള്‍പ്പടെയുള്ള പതിനായിരങ്ങളെ രാജ്യ ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമം സ്വാതന്ത്ര്യ സമര സേനാനികളോട് മാത്രമല്ല രാജ്യത്തോട് തന്നെ ചെയ്യുന്ന നന്ദികേടാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ നീചനീക്കത്തില്‍ നിന്ന് അടിയന്തിരമായി പിന്മാറണമെന്നും സ്മാരക സമിതി പ്രസിഡന്റ് സലീം കുരുവമ്പലം പറഞ്ഞു.