മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം; സമര അനുസ്മരണ യാത്ര സംസ്ഥാന സമാപനം 25ന് പൂന്തുറയില്‍

സമാപനത്തില്‍ മന്ത്രിമാര്‍, ചരിത്രകാരന്മാര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സംഘടന നേതാക്കള്‍, മതപണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Update: 2021-11-22 10:24 GMT
മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം; സമര അനുസ്മരണ യാത്ര സംസ്ഥാന സമാപനം 25ന് പൂന്തുറയില്‍

തിരുവനന്തപുരം: മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന സന്ദേശവുമായി നടന്നുവരുന്ന സമര അനുസ്മരണ യാത്രയുടെ സംസ്ഥാനതല സമാപനം നവംബര്‍ 25ന് വൈകീട്ട് 4ന് പൂന്തുറയില്‍ നടക്കും. സമാപന പരിപാടിയില്‍ മന്ത്രിമാര്‍, ചരിത്രകാരന്മാര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സംഘടന നേതാക്കള്‍, മതപണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബ്രിട്ടീഷ് വൈദേശിക കുത്തകകള്‍ക്കും ജന്മിത്ത ചൂഷണത്തിനും എതിരായി മലബാറിലെ മാപ്പിളമാര്‍ 1921ല്‍ നടത്തിയ പോരാട്ടം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായമാണ്. ലോകം ശ്രദ്ധിച്ച ഈ വിപ്ലവത്തിന് 100 വര്‍ഷം തികയുകയാണ്. ഈ പോരാട്ടവും സമര നായകരും ജനഹൃദയങ്ങളില്‍ ഒരാവേശമായി നിലനില്‍ക്കുമ്പോഴും സമര നായകരെ ഇകഴ്ത്തി ചരിത്ര സംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘപരിവാരം ശ്രമിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കം ചെയ്തതും മാപ്പിള കലാപം എന്ന പേരില്‍ കുപ്രചരണം നടത്തുന്നതും ഇതിന്റെ ഭാഗമാണ്. മലബാര്‍ സമരത്തെ സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി മലബാര്‍ സമര അനുസ്മരണ സമിതി -മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം- എന്ന സന്ദേശവുമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്രനടത്തി വരികയാണ്.

മലബാര്‍ സമരം പ്രതിപാദിക്കുന്ന വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാകുന്ന പുസ്തക വണ്ടി, വിപ്ലവ ഗാനങ്ങള്‍ അവതരിപ്പിക്കുന്ന പാട്ടുവണ്ടി, സമര നാടകം അവതരിപ്പിക്കുന്ന നാടക വണ്ടി എന്നിവ ഇതിന്റെ ഭാഗമായി നടന്നു വരുന്നതായും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, ഡോ. നിസാറുദ്ദീന്‍ (വൈസ് ചെയര്‍മാന്‍), അഡ്വ. എഎംകെ നൗഫല്‍, സലീം കരമന (ജനറല്‍ കണ്‍വീനര്‍), നിയാസ് എസ് ആര്‍ കൊണ്ണിയൂര്‍ (കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News