സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രിം കോടതിയില്‍ ഹരജി നല്‍കി
ന്യൂഡല്‍ഹി: കള്ളക്കേസ് ചുമത്തി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം തേടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കി. 90 വയസുള്ള കിടപ്പിലായ മാതാവിന്റെ ആരോഗ്യനിലയും മകനെ കാണാനുള്ള അവസാന ആഗ്രഹവും ചൂണ്ടിക്കാട്ടിയാണ് കെഡബ്ല്യുജെ സുപ്രിം കോടതിയെ സമീപിച്ചത്.
നിലവിലെ ആരോഗ്യനില കണക്കിലെടുത്ത് മകന്റെ അറസ്റ്റിനെക്കുറിച്ചും തടങ്കലില്‍ വയ്ക്കുന്നതിനെക്കുറിച്ചും സിദ്ദീഖിന്റെ മാതാവിനെ ഇതുവരെ അറിയിച്ചിട്ടില്ല. മാത്രമല്ല, അവരുടെ ആരോഗ്യം വഷളായിട്ടുണ്ടെന്നും ബോധം വരുമ്പോഴെല്ലാം മകനെ കാണണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഹരജിയില്‍ സൂചിപ്പിച്ചു. സിദ്ദീഖ് കാപ്പനും രോഗിയായ മാതാവും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിന് കെ.യു.ഡബ്ല്യു.ജെയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അടുത്തിടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.