ലഖിംപൂര്‍ കര്‍ഷകക്കുരുതി; കേന്ദ്ര സഹമന്ത്രിയുടെ മകന്‍ അറസ്റ്റില്‍, കൊലപാതക കുറ്റം ചുമത്തി
കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പടെ എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയത്
ന്യൂഡല്‍ഹി: ലഖിംപൂരില്‍ വാഹനമിടിപ്പിച്ച് കര്‍ഷകരെ കൂട്ടക്കൊല ചെയ്ത കേസില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തു. ലഖിംപുര്‍ ഖേരിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ 12 മണിക്കൂര്‍ ആശിഷിനെ ചോദ്യം ചെയ്തതിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഘര്‍ഷസമയത്ത് സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ഈ സമയമത്രയും ആവര്‍ത്തിച്ചത്. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചിരുന്നില്ല. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പടെ എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയത്.
ഇന്ന് രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ െ്രെകംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചത്. പൊലീസ് വലയത്തില്‍, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. ലഖിംപൂര്‍ സംഭവത്തില്‍ മന്ത്രി പുത്രനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു യു പി സര്‍ക്കാര്‍. എന്നാല്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. മൂന്നു ദിവസത്തിനകം റിപോര്‍ട്ട് നല്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ സര്‍ദാര്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര ആവശ്യപ്പെട്ടിരുന്നു. ദേശീയ തലത്തില്‍ വിഷയം സജീവമായി തുടരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ മകനെതിരില്‍ കേസെടുക്കാന്‍ യു പി പോലിസ് തയ്യാറായത്.