ഭൂമി വിവരങ്ങള്‍ക്ക് ഡിജിറ്റല്‍ കാര്‍ഡ് ആലോചനയില്‍: മന്ത്രി കെ രാജന്‍

Update: 2021-09-09 11:32 GMT

തിരുവനന്തപുരം: കേരളത്തിലെ ഓരോ ആളുകളുടേയും ഭൂമി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റല്‍ ലോക്കറിലൂടെയോ ഡിജിറ്റല്‍ കാര്‍ഡിലൂടെയോ വില്ലേജ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെയോ നല്‍കാന്‍ കഴിയുന്ന രീതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നു റവന്യൂ മന്ത്രി കെ രാജന്‍. ഇതു യാഥാര്‍ഥ്യമായാല്‍ ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്കു വില്ലേജ് ഓഫിസില്‍ പോകേണ്ട സാഹചര്യം പൂര്‍ണമായി ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ നാടിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ കാര്‍ഡ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടാണ് യുണീക്ക് തണ്ടപ്പേര്‍ എന്ന ആശയം. കേരളത്തിലെ ഓരോ ആളുകള്‍ക്കും എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേര്‍ ലഭിക്കും. പദ്ധതിക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു.

അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം അനുവദിക്കുയെന്ന പരമമായ ലക്ഷ്യത്തിലേക്കു സര്‍ക്കാര്‍ നീങ്ങുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസംകൊണ്ട് കേരളത്തിലെ 13,500 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കാന്‍ കഴിഞ്ഞു. 14ന് തൃശൂരില്‍ സംസ്ഥാനതല പട്ടയമേള നടക്കും. അനര്‍ഹരായ ഒരാളുടെ കൈയില്‍പ്പോലും ഭൂപരിഷ്‌കരണ വ്യവസ്ഥകള്‍ ലംഘിച്ചുള്ള ഭൂമി കൈവശംവയ്ക്കാന്‍ അനുവദിക്കില്ല എന്നതും സര്‍ക്കാര്‍ നയമായി സ്വീകരിച്ചു മുന്നോട്ടുപോകും. റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കു വ്യത്യസ്ത മുഖവുമായി സമ്പൂര്‍ണ ഡിജിറ്റല്‍ റീസര്‍വെ നടപ്പാക്കും. നാലു വര്‍ഷംകൊണ്ട് ഇതു പൂര്‍ത്തിയാക്കും. ഇതോടെ എല്ലാവര്‍ക്കും എല്ലാ ഭൂമിക്കും രേഖയാകുമെന്നും മന്ത്രി പറഞ്ഞു.


Tags:    

Similar News