തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടി; ഒരാള്‍ മരിച്ചു, നാലുപേര്‍ മണ്ണിനടിയില്‍
തൊടുപുഴ: ഇടുക്കി തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടി. വീട് തകര്‍ന്ന് മാളിയേക്കല്‍ കോളനിക്ക് സമീപം വസിക്കുന്ന തങ്കമ്മ എന്ന സ്ത്രീ മരിച്ചു. മണ്ണിനടിയില്‍ നാലര വയസ്സുള്ള കുട്ടിയുള്‍പ്പടെ നാല് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. സോമന്‍, ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് എന്നിവരാണ് മണ്ണിനടിയിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് തങ്കമ്മയുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തത്.
ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കുടയത്തൂര്‍ സംഗമം ജങ്ഷന് സമീപം ചിറ്റടിച്ചാലില്‍ സോമന്‍ എന്നയാളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവാണ് മരിച്ച തങ്കമ്മ. തലനാരിഴയ്ക്കാണ് വന്‍ അപകടമൊഴിവായതെന്നും എതിര്‍ദിശയിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നെങ്കില്‍ മരണനിരക്ക് ഉയരുന്ന സാഹചര്യമുണ്ടാവുമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് പോലിസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ രാത്രി 10.30 ഓടെ പ്രദേശത്ത് കനത്ത മഴയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാന്‍ ശ്രമിക്കുകയാണ്. മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിലും വെള്ളം കറിയിട്ടുണ്ട്.